
തൃശൂർ: കാർഷിക സർവകലാശാലയ്ക്ക് കീഴിലെ വനശാസ്ത്ര കോളേജിന്റെ ആഭിമുഖ്യത്തിൽ വാഴച്ചാൽ വനം ഡിവിഷന് കീഴിൽ കാർഷിക വന യന്ത്രോപകരണങ്ങളുടെ വിതരണോദ്ഘാടനവും പരിശീലന പരിപാടിയും ടി.ജെ.സനീഷ്കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. അതിരപ്പിള്ളി പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.റിജേഷ് അദ്ധ്യക്ഷത വഹിച്ചു.
കാർഷിക സർവകലാശാല അസോസിയേറ്റ് ഡയറക്ടർ ഒഫ് റിസർച്ച് (ഫോറസ്ട്രി) ഡോ.ടി.കെ.കുഞ്ഞാമു പദ്ധതി വിശദീകരിച്ചു. ആദിവാസി കുടുംബങ്ങൾക്ക് മീൻവല, ഫ്രീസർ, കാടുവെട്ടുന്ന യന്ത്രം, മെഷീൻ വാൾ, തൂമ്പ, പിക്ക് ആക്സസ്, വീൽ ബാരോ തുടങ്ങിയ കാർഷിക ഉപകരണങ്ങളും വനിതകൾക്ക് തയ്യൽ മെഷീനും വിതരണം ചെയ്തു. കാർഷിക സർവകലാശാല ശാസ്ത്രജ്ഞരായ ഡോ.ശ്രീജിത്ത് ബാബു, ഡോ.ആർ.വിഷ്ണു, മുഹമ്മദ് ഇഖ്ബാൽ, വാഴച്ചാൽ റേഞ്ച് ഓഫീസർ സിജോ സാമുവൽ, വന സംരക്ഷണ സമിതി പ്രസിഡന്റ് ആർ.ബാലൻ എന്നിവർ സംസാരിച്ചു.
മൻസിയയ്ക്ക് മുന്നിൽ ക്ഷേത്രവാതിലുകൾ
തുറക്കണം : പുരോഗമന കലാസാഹിത്യസംഘം
തൃശൂർ: നർത്തകി മൻസിയ നേരിട്ട അനീതിക്കെതിരായ പ്രതിഷേധത്തിലൂടെ ക്ഷേത്രവാതിലുകൾ എല്ലാവർക്കും മുന്നിൽ തുറക്കണമെന്ന് പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന പ്രസിഡന്റ് ഷാജി എൻ.കരുൺ, ജനറൽ സെക്രട്ടറി അശോകൻ ചരുവിൽ എന്നിവർ ആവശ്യപ്പെട്ടു.
അഹിന്ദു ആണെന്നതിന്റെ പേരിൽ മൻസിയയെ കൂടൽമാണിക്യം ക്ഷേത്രോത്സവത്തോട് അനുബന്ധിച്ചുള്ള നൃത്തപരിപാടിയിൽ നിന്ന് ഒഴിവാക്കിയ ദേവസ്വത്തിന്റെ നടപടിയിൽ ശക്തിയായി പ്രതിഷേധിക്കുന്നു. പരിപാടി ചാർട്ട് ചെയ്ത ശേഷമാണ് മൻസിയയ്ക്ക് അവസരം നിഷേധിച്ചതെന്നതിനാൽ ദേവസ്വം ആ നർത്തകിയോട് മാപ്പു പറയേണ്ടതുണ്ട്. സമുന്നത കലാപ്രവർത്തകർ, ഭരണാധികാരികൾ അടക്കമുള്ള ഇതരമതസ്ഥരായ പൗരന്മാർക്ക് കേരളത്തിലെ ക്ഷേത്രങ്ങളിൽ പ്രവേശിക്കാൻ അനുവാദമില്ല എന്ന പ്രാകൃതനിയമം നിലനിൽക്കുകയാണ്. ഗുരുവായൂർ ക്ഷേത്രത്തിനകത്ത് പ്രവേശിക്കണമെന്ന ഗായകൻ യേശുദാസിന്റെ ആഗ്രഹം ഇനിയും സഫലമായിട്ടില്ല. കഥകളി ഗായകൻ അന്തരിച്ച കലാമണ്ഡലം ഹൈദരാലിക്ക് ഒരിക്കലും ക്ഷേത്രവേദികളിലെ കളിയരങ്ങുകളിൽ പാടാൻ കഴിഞ്ഞിട്ടില്ലായെന്നും അവർ പറഞ്ഞു.
കലയുടെ അവസാനവാക്ക് ജനങ്ങളുടേത് : മന്ത്രി
തൃശൂർ: കലയുടെയും സംസ്കാരത്തിന്റെയും അവസാന വാക്ക് ജനങ്ങളുടേതാണെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ.ആർ.ബിന്ദു ഓർമ്മിപ്പിച്ചു. ഡോ.അശ്വതി രാജൻ രചിച്ച 'കുച്ചിപ്പുടിയുടെ സൗന്ദര്യ ശാസ്ത്രം', 'ഡാൻസ്തെസിസ്' എന്നീ രണ്ടു പുസ്തകങ്ങളുടെ പ്രകാശനം നിർവഹിക്കുകയായിരുന്നു മന്ത്രി.
കലാമണ്ഡലം സർവകലാശാല വൈസ് ചാൻസലർ പ്രൊഫ.ടി.കെ നാരായണൻ അദ്ധ്യക്ഷത വഹിച്ചു. പ്രൊഫ.കലാമണ്ഡലം രാജലക്ഷ്മി, ഡോ.കവിത ബാലകൃഷ്ണൻ എന്നിവർ പുസ്തകങ്ങൾ സ്വീകരിച്ചു. പ്രശസ്ത ഡാൻസ് തെറാപ്പിസ്റ്റും ഇറ്റാലിയൻ നർത്തകിയുമായ ലൂയിസ സ്പാങ്ന്യ ചടങ്ങിൽ മുഖ്യാതിഥിയായി. കലാനിരൂപകനും പ്രഭാഷകനുമായ ഇ.പി രാജഗോപാലൻ അയച്ചു തന്ന ഓഡിയോ സന്ദേശം സദസിൽ കേൾപ്പിച്ചു. വേദ ദിലീപ് പ്രാർത്ഥന ഗീതമാലപിച്ചു. ഡോ.എൻ.ആർ.ഗ്രാമപ്രകാശ്, കലാമണ്ഡലം സിൻഡിക്കേറ്റ് അംഗം ടി.കെ.വാസു, കൂടൽ മാണിക്യം ദേവസ്വം ചെയർമാൻ പ്രദീപ് മേനോൻ, കർണാടക സംഗീതജ്ഞനും, തമിഴ്നാട് കേന്ദ്ര സർവകലാശാല അദ്ധ്യാപകനുമായ ഡോ.വി.ആർ ദിലീപ് കുമാർ, പ്രവീൺ വൈശാഖൻ, സൂര്യ തേജസ് പി, ഡോ.അശ്വതി രാജൻ എന്നിവർ പ്രസംഗിച്ചു.