
തൃശൂർ: പരിസ്ഥിതി സംരക്ഷണത്തിന് നിയമങ്ങളേറെ നിലവിൽ വന്നെങ്കിലും ജീവനക്കാരുടെ അഭാവത്താൽ താളം തെറ്റിയ നിലയിലാണ് മലിനീകരണ നിയന്ത്രണ ബോർഡ്. പരിസ്ഥിതി നിയമങ്ങൾ പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കേണ്ട ഏജൻസി കൂടിയായ ബോർഡിൽ എംപ്‌ളോയ്‌മെന്റ് വഴി നിയമിക്കപ്പെട്ട താത്കാലികക്കാരാണ് കൂടുതലും ജോലി ചെയ്യുന്നത്. ഇവരുടെ കൊഴിഞ്ഞുപോക്കും പ്രവർത്തനത്തെ ബാധിക്കുന്നത്. ഒരു എൻവയോൺമെന്റൽ എൻജിനിയറും അസി. എൻവയോൺമെന്റൽ എൻജിനിയറുമാണ് പല ജില്ലകളിലും സ്ഥിരം ജീവനക്കാർ.
ചില ജില്ലകളിൽ ഒരു സ്ഥിരം അസിസ്റ്റന്റ് എൻവയോൺമെന്റൽ എൻജിനിയറേയുള്ളൂ. ഉള്ളവർക്ക് മുഴുവൻ ജോലിഭാരവും ചുമക്കേണ്ടി വരുന്നു. മാറിമാറി വരുന്ന താത്കാലികക്കാരെ ജോലി പഠിപ്പിക്കുന്നതും ഇവരുടെ 'ജോലി'യാണ്. മൂന്നോ നാലോ താത്കാലിക അസി. എൻജിനിയർമാരെ വച്ചു വേണം ശരാശരി 80 പഞ്ചായത്തുകളും മുനിസിപ്പാലിറ്റികളും കോർപറേഷനുകളും അടങ്ങുന്ന ജില്ലയുടെ മലിനീകരണ പ്രശ്‌നങ്ങൾ കൈകാര്യം ചെയ്യാൻ.
കൊച്ചിയിലെ സെൻട്രൽ ലാബ് ഉൾപ്പെടെ 16 ലാബുകളിൽ സ്ഥിരം ജീവനക്കാർ അഞ്ചുപേരാണ്. ലാബിലെ ലഭ്യമായ സൗകര്യങ്ങളിൽ പകുതി പോലും ഉപയോഗിക്കാനോ യഥാസമയം സാമ്പിളുകൾ പരിശോധിക്കാനോ ആകുന്നുമില്ല. അസി. എൻജിനിയർമാരുടെ 83ഉം അസിസ്റ്റന്റ് എക്‌സിക്യുട്ടിവ് എൻജിനിയർമാരുടെ ഏഴും ഒഴിവുണ്ട്. 2015ൽ നിയമനങ്ങൾ പി.എസ്.സിക്ക് വിട്ടെങ്കിലും നടപടിക്രമം പൂർത്തിയാവാൻ വൈകി.
പാലിക്കാൻ ഏറെ നിയമങ്ങൾ
ജല, വായു മലിനീകരണ നിയന്ത്രണ നിയമങ്ങൾ
1986ലെ പരിസ്ഥിതി സംരക്ഷണ നിയമം
2016ൽ സോളിഡ് വേസ്റ്റ് മാനേജ്‌മെന്റ് റൂൾസ്, പ്‌ളാസ്റ്റിക് വേസ്റ്റ് റൂൾസ്, ബയോവേസ്റ്റ് മാനേജ്‌മെന്റ് റൂൾസ്, ബാറ്ററീസ് മാനേജ്‌മെന്റ് ആൻഡ് ഹാൻഡ് ലിംഗ് റൂൾസ് (2001)
ചുമതലകൾ
നിയമങ്ങൾ പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കൽ, കോടതിക്കേസുകൾ, പരാതികളിലുള്ള പരിശോധന, ഹരിത ട്രിബ്യൂണലിന്റെ നിർദ്ദേശങ്ങൾ നടപ്പാക്കൽ, അനുമതിപത്രം നൽകൽ, പുതുക്കൽ, പരാതിക്കാധാരമായ സ്ഥലങ്ങൾ സന്ദർശിക്കൽ, ഹിയറിംഗുകളിൽ പങ്കെടുക്കൽ
അവശ്യം വേണ്ടത്
ജില്ലാ ഓഫീസുകളുടെ എണ്ണം കൂട്ടുക
കോർപറേഷനുകൾ ഉൾപ്പെടുന്ന ജില്ലകളിൽ രണ്ട് ഓഫീസുകൾ
സ്ഥിരം ജീവനക്കാരെ നിയമിക്കൽ
അസി. എൻജിനിയർമാരെ സഹായിക്കാനും ഹെൽപ്‌ഡെസ്‌കുകളിലും ഗ്രാജ്വേറ്റ് എൻജിനിയറിംഗ് അപ്രന്റീസുമാർ