കൊടുങ്ങല്ലൂർ: ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിലെ മീനഭരണി മഹോത്സവത്തോട് അനുബന്ധിച്ച് ഏപ്രിൽ 1, 2, 3 തീയതികളിൽ അന്നദാന യജ്ഞസമിതിയുടെ നേതൃത്വത്തിൽ സേവാഭാരതിയുടെയും വിവിധ ഹൈന്ദവ സാമുദായിക സേവാസംഘടനകളുടെയും സംയുക്താഭിമുഖ്യത്തിൽ അന്നദാനം നടത്തും. തെക്കെ മൈതാനിയിൽ കെട്ടിഉയർത്തിയ പന്തലിൽ പ്രഭാത ഭക്ഷണം, കുടിവെള്ളം, ചികിത്സാ സഹായം, ആംബുലൻസ്, ഇൻഫർമേഷൻ സെന്റർ തുടങ്ങിയ പ്രവർത്തനങ്ങളുമുണ്ടാകും.

മൂന്ന് ദിവസമായി രണ്ടുലക്ഷത്തിലധികം ഭക്തർക്ക് അന്നദാനം നടത്തുമെന്ന് അന്നദാനയജ്ഞ സമിതി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. അന്നദാനമഹായജ്ഞത്തിന്റെ കലവറ നിറയ്ക്കൽ 31ന് രാവിലെ ഒമ്പതിന് നടക്കും. ഏപ്രിൽ ഒന്നിന് രാവിലെ 9.30ന് അന്നദാനയജ്ഞത്തിന്റെ ഉദ്ഘാടനച്ചടങ്ങിൽ വലിയ തമ്പുരാൻ കുഞ്ഞുണ്ണിരാജ ഭദ്രദീപം തെളിക്കും. യജ്ഞസമിതി ചെയർമാൻ പ്രൊഫ. പി. നാരായണൻകുട്ടി മേനോന്റെ അദ്ധ്യക്ഷതയിൽ കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് വി. നന്ദകുമാർ അന്നദാനയജ്ഞം ഉദ്ഘാടനം ചെയ്യും.

ആർ.എസ്.എസ് ക്ഷേത്രീയ സഹകാര്യവാഹ് എം. രാധാകൃഷ്ണൻ സേവാ സന്ദേശം നൽകും. ദേവസ്വം അസിസ്റ്റന്റ് കമ്മിഷണർ സുനിൽ കർത്ത, ബോർഡ് അംഗം എം.ജി. നാരായണൻ, സത്യധർമ്മൻ അടികൾ, വിഭാഗ് സംഘചാലക് കെ.എസ്. പത്മനാഭൻ, സമിതി വർക്കിംഗ് ചെയർമാൻ അഡ്വ. എം. ത്രിവിക്രമൻ അടികൾ എന്നിവർ സംബന്ധിക്കും. അന്നദാനയജ്ഞ സമിതി വർക്കിംഗ് ചെയർമാൻ മേജർ ജനറൽ ഡോ. പി. വിവേകാനന്ദൻ, ജനറൽ കൺവീനർ എ.എൻ. ജയൻ, ജോയിന്റ് കൺവീനർ കെ. ദിലീപ് കുമാർ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.