
തൃശൂർ : എസ്.എസ്.എൽ.സി പരീക്ഷയ്ക്കുള്ള മുന്നൊരുക്കം പൂർത്തിയായതായി വിദ്യാഭ്യാസ ഉപഡയറക്ടർ ടി.വി മദനമോഹനൻ പറഞ്ഞു. മാർച്ച് 31ന് ആരംഭിക്കുന്ന പരീക്ഷ ഏപ്രിൽ 29ന് അവസാനിക്കും. എല്ലാ പരീക്ഷകൾക്കിടയിലും ഇടവേളകളുണ്ട്. കഴിഞ്ഞ വർഷത്തെ പരീക്ഷയുമായി താരതമ്യം ചെയ്താൽ കുറേക്കൂടി സമാധാനം നിറഞ്ഞ അന്തരീക്ഷത്തിലാണ് പരീക്ഷ നടക്കുന്നത്. സ്‌കൂൾ തുറന്നതിന് ശേഷം ഓഫ് ലൈനായും അതിന് മുൻപ് ഓൺലൈനായുമാണ് ക്ലാസ് നടന്നത്. ഡിസംബർ, ജനുവരി മാസത്തോടെ പാഠഭാഗങ്ങളെല്ലാം പഠിപ്പിച്ചു തീർത്തു. കഴിഞ്ഞ രണ്ട് മാസമായി ആവർത്തന പഠനമാണ് നടക്കുന്നത്. ഭിന്നശേഷിക്കാരായ കുട്ടികളുടെ പരിശോധന പൂർത്തീകരിച്ച്, അവർക്ക് അർഹതപ്പെട്ട അനുകൂല്യം നേടിയെടുക്കാനുള്ള പ്രവർത്തനം, ഈ വർഷം വളരെ വേഗം പൂർത്തിയാക്കി. രാത്രികാല ക്ലാസുകൾ ഉൾപ്പെടെ നടന്നു. പൊതുവിദ്യാഭ്യാസ ഡയറക്ടർ സ്‌കൂളുകൾ സന്ദർശിച്ച് പ്രവർത്തനം വിലയിരുത്തി. രാത്രികാല ക്ലാസുകൾ നടക്കുന്ന സ്‌കൂളുകളും അദ്ദേഹം സന്ദർശിച്ചു.
36,186 കുട്ടികൾ
മൂന്ന് വിദ്യാഭ്യാസ ജില്ലകളിലായി 36,186 കുട്ടികളാണ് ഇത്തവണ എസ്.എസ്.എൽ.സി പരീക്ഷ എഴുതുന്നത്. തൃശൂർ 9,928, ചാവക്കാട് 15,040, ഇരിങ്ങാലക്കുട 11,218 എന്നിങ്ങനെയാണ് പരീക്ഷ എഴുതുന്നവരുടെ കണക്ക്.
മുൻകരുതൽ
മാസ്‌ക്, സാനിറ്റൈസർ മുതലായവ കരുതണം. ചൂടുകാലമായതിനാൽ കുടിവെള്ളം കരുതണം. കുട്ടികൾ തന്നെ കുടിവെള്ളം കൊണ്ടുവരുന്നതാകും നല്ലത്. എന്നാൽ കൈമാറി ഉപയോഗിക്കരുത്. കുടിവെള്ളം മാത്രമല്ല മറ്റ് വസ്തുക്കളും കൈമാറുന്നത് ഒഴിവാക്കണം.
പ്ലസ് ടു പരീക്ഷകൾ ഇന്ന് മുതൽ
30 മുതൽ ഏപ്രിൽ 26 വരെ നടക്കുന്ന ഹയർസെക്കൻഡറി രണ്ടാം വർഷ പൊതുപരീക്ഷയ്ക്ക് ഒരുക്കം പൂർത്തിയായതായി ജില്ല ഹയർസെക്കൻഡറി കോർഡിനേറ്റർ വി.എം കരീം അറിയിച്ചു. ജില്ലയിൽ 196 സെന്ററുകളിലായി 36,909 കുട്ടികളാണ് പരീക്ഷ എഴുതുന്നത്. ഇതിൽ 18,263 പേർ പെൺകുട്ടികളും 18,646 പേർ ആൺകുട്ടികളുമാണ്. സ്‌കൂൾ ഗോയിംഗ് വിഭാഗത്തിൽ 16,544 പെൺകുട്ടികളും 15,270 ആൺകുട്ടികളും പരീക്ഷ എഴുതുന്നു. ഓപൺ സ്‌കൂൾ വിഭാഗത്തിൽ 1,302 പെൺകുട്ടികളും 2,089 ആൺകുട്ടികളും പ്രൈവറ്റ് വിഭാഗത്തിൽ 417 പെൺകുട്ടികളും 1,287 ആൺകുട്ടികളും ഇത്തവണ പരീക്ഷ എഴുതുന്നു. ഉത്തരക്കടലാസുകൾ ഇതിനോടകം തന്നെ സ്കൂളുകളിൽ ലഭ്യമാക്കിയിട്ടുണ്ട്. ഓരോ പരീക്ഷ സെന്ററിലും ഒരു ക്ലാസിന് ഒരു ഇൻവിജിലേറ്റർ എന്നതിന് പുറമെ രണ്ട് ഡെപ്യൂട്ടി ചീഫുമാരും ഒരു ചീഫും ഉണ്ടായിരിക്കും.