
തൃശൂർ: ദ്വിദിന പണിമുടക്കിന് ആഹ്വാനം ചെയ്തിട്ടും സി.പി.എം ഭരിക്കുന്ന തൃശൂർ സർവ്വീസ് സഹകരണ ബാങ്ക് തുറന്നുപ്രവർത്തിച്ചുവെന്ന് ആരോപിച്ച് ബി.ജെ.പി ജില്ലാ പ്രസിഡൻറിൻ്റെ നേതൃത്വത്തിൽ ബാങ്കിന് മുന്നിൽ പ്രതിഷേധം സംഘടിപ്പിച്ചു. പ്രതിഷേധം ബി.ജെ.പി ജില്ലാ പ്രസിഡൻ്റ് അഡ്വ. കെ.കെ അനീഷ്കുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡൻ്റ് സുജയ്സേനൻ, മണ്ഡലം പ്രസിഡൻ്റുമാരായ രഘുനാഥ് സി. മേനോൻ, വിപിൻ അയിനിക്കുന്നത്ത്, ജില്ലാ കമ്മിറ്റിയംഗം മുരളി കൊളങ്ങാട്ട്, വാസുദേവൻ, കൗൺസിലർ നിജി.കെ.ജി, പ്രിയ അനിൽ തുടങ്ങിയവർ നേതൃത്വം നൽകി.
ചെമ്പൂച്ചിറ ഗവ. സ്കൂൾ കെട്ടിടം പുതിയ നിർമ്മാണം
കരാറുകാരന്റെ ചെലവിലെന്ന് എം.എൽ.എ
പുതുക്കാട്: ചെമ്പൂച്ചിറ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ അപാകത കണ്ടെത്തിയ അഞ്ച് ക്ലാസ് മുറികൾ കരാറുകാരന്റെ ചെലവിലാണ് പൊളിക്കുന്നതും പുതിയ ക്ലാസ് മുറികൾ നിർമ്മിക്കുന്നതുമെന്ന് കെ.കെ.രാമചന്ദ്രൻ എം.എൽ.എ പറഞ്ഞു. ഇക്കാര്യത്തിൽ സർക്കാരിന് സാമ്പത്തിക നഷ്ടം ഉണ്ടാകുന്നില്ല. നിർമ്മാണത്തിൽ അപാകത കണ്ടെത്തിയതിനെ തുടർന്ന് സ്ഥലം സന്ദർശിക്കുകയും സ്കൂളിൽ ബന്ധപെട്ടവരുടെ യോഗം വിളിക്കുകയും ചെയ്തിരുന്നു. തുടർന്ന് മറ്റത്തൂർ പഞ്ചായത്ത് ഓഫീസിലും യോഗം ചേർന്നു. നിയമസഭയിൽ പ്രശ്നം ഉന്നയിച്ചു. തുടർന്ന് തിരുവനന്തപുരത്ത് മന്ത്രിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന ബന്ധപെട്ടവരുടെ യോഗത്തിലാണ് വിദഗ്ദ്ധരെ കെട്ടിടത്തിന്റെ ബലം പരിശോധിക്കാൻ ചുമതലപെടുത്തിയതും, അവരുടെ റിപ്പോർട്ടിനെ തുടർന്ന് പൊളിച്ചു മാറ്റാൻ തീരുമാനിച്ചതും. ഇതേ സ്ഥലത്ത് തന്നെ ഉടനെ കെട്ടിടം പുതുതായി നിർമ്മിക്കുമെന്നും എം.എൽ.എ അറിയിച്ചു.