
ഗുരുവായൂർ: പൊതുപണിമുടക്ക് രണ്ടാം ദിനവും ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനത്തിന് വൻ ഭക്തജനതിരക്ക്. പുലർച്ചെ നിർമാല്യദർശനം മുതൽ ക്ഷേത്രദർശനത്തിന് ഭക്തരുടെ തിരക്കനുഭവപ്പെട്ടു. ഉച്ചയ്ക്ക് രണ്ട് വരെ ഭക്തർക്ക് ദർശനം അനുവദിച്ചു. ക്ഷേത്രത്തിൽ നാല് വിവാഹങ്ങളും, 171 കുട്ടികൾക്കുള്ള ചോറൂൺ വഴിപാടും നടന്നു. അഞ്ച് പേർക്ക് വരിനിൽക്കാതെ ക്ഷേത്ര ദർശനം നടത്തുന്നതിന് സൗകര്യമുള്ള 4,500 രൂപയുടെ നെയ് വിളക്ക് വഴിപാട് 14 എണ്ണവും ഒരാൾക്ക് ദർശനം അനുവദിക്കുന്ന 1,000 രൂപയുടെ നെയ് വിളക്ക് 141 എണ്ണവും ഇന്നലെ ശീട്ടാക്കി.
3,10,000 രൂപയുടെ പാൽപ്പായസം വഴിപാടും നടന്നു. എട്ട് ലക്ഷം രൂപയുടെ തുലാഭാരം വഴിപാടുമുണ്ടായി. ഹോട്ടലുകളെല്ലാം അടഞ്ഞു കിടന്നതുമൂലം ക്ഷേത്രദർശനത്തിനെത്തിയ എല്ലാ ഭക്തർക്കും പ്രസാദഊട്ട് നൽകുന്നതിന് ദേവസ്വം മുൻ കരുതലെടുത്തിരുന്നു. 6500 ഓളം ഭക്തർ ഇന്നലെയും പ്രസാദ ഊട്ടിൽ പങ്കെടുത്തു.