ഒല്ലൂർ: പാണഞ്ചേരി പഞ്ചായത്തിലെ മഞ്ഞക്കുന്ന് ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിക്ക് 1 കോടി 90 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചതായി റവന്യു മന്ത്രി കെ.രാജൻ അറിയിച്ചു. മണലി പുഴയിൽ നിന്ന് 60 എച്ച്.പി സബ്‌മെഴ്‌സിബിൾ സെൻട്രിഫ്യൂഗൽ മോട്ടോർ ഉപയോഗിച്ച് മഞ്ഞക്കുന്നിൽ സ്ഥാപിക്കുന്ന 1.5 ലക്ഷം ലിറ്റർ കപ്പാസിറ്റിയുള്ള ടാങ്കിലേക്ക് വെള്ളം അടിച്ച് കയറ്റുകയും അവിടെ നിന്ന് 5 കിലോമീറ്റർ നീളത്തിൽ 3 ഡയറക്ഷനിൽ ഡിസ്ട്രിബ്യൂഷൽ പൈപ്പ് ലൈനുകൾ സ്ഥാപിച്ച് കൃഷി സ്ഥലങ്ങളിലേക്ക് വെള്ളം എത്തിക്കുന്ന പദ്ധതിയാണ് വിഭാവനം ചെയ്തിട്ടുള്ളത്. ഇതുമൂലം 132 ഹെക്ടർ സ്ഥലത്ത് ജലസേചന സൗകര്യം സാദ്ധ്യമാകുകയും നൂറോളം കുടുംബങ്ങൾക്ക് കിണർ റീ ചാർജിംഗിലൂടെ കുടിവെള്ള ലഭ്യത ഉറപ്പ് വരുത്താനും കഴിയും. മൈനർ ഇറിഗേഷൻ വകുപ്പിനാണ് പദ്ധതിയുടെ നിർവഹണ ചുമതല. സാങ്കേതികാനുമതി ലഭ്യമാക്കി ടെണ്ടർ നടപടികൾ അടിയന്തരമായി ആരംഭിക്കുമെന്ന് റവന്യു മന്ത്രി കെ. രാജൻ അറിയിച്ചു.