തൃശൂർ: ശങ്കരംകുളങ്ങര ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനം ഏപ്രിൽ 10ന് നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. ഭഗവതിയുടെ ധ്യാനശ്ലോകം ആധാരമാക്കിയുള്ള പുതിയ ഗോളകയുടെ സമർപ്പണം തന്ത്രി പാലക്കാട്ടിരി നാരായണൻ നമ്പൂതിരിയുടെ കാർമികത്വത്തിൽ അന്ന് നടക്കും. പ്രതിഷ്ഠാദിനത്തിന് മുന്നോടിയായി ക്ഷേത്രത്തിൽ ദിവസവും വൈകീട്ട് കലാപരിപാടികൾ നടന്നു വരുന്നുണ്ട്. ഏപ്രിൽ ഒന്നിന് 6.45 ന് തൃശൂർ നാദതരംഗത്തിന്റെ വാദ്യസമന്വയം, ഏപ്രിൽ രണ്ടിന് രാത്രി ഏഴിന് ഭജന, ഏപ്രിൽ മൂന്നിന് ദീപാരാധനയ്ക്ക് ശേഷം വി.ആർ. ദിലീപ് കുമാറിന്റെ സംഗീതക്കച്ചേരി, ഏപ്രിൽ നാല്, അഞ്ച് തീയതികളിൽ വൈകിട്ട് 6.30ന് നൃത്തനൃത്യം, ഏപ്രിൽ ഏഴിന് വൈകിട്ട് എട്ടിന് മുടിയേറ്റ് എന്നിവ ഉണ്ടാകും. ഒമ്പതിന് വൈകീട്ട് അഞ്ചിന് പൂങ്കുന്നം ശിവക്ഷേത്രത്തിൽ നിന്ന് പുതിയ ഗോളകയുമായി രഥഘോഷയാത്ര നടക്കും. പ്രതിഷ്ഠാദിനമായ 10ന് രാവിലെ 8.30ന് ചെറുശ്ശേരി കുട്ടൻ മാരാരും സംഘവും അവതരിപ്പിക്കുന്ന പഞ്ചാരിമേളം, 2.30ന് പഴുവിൽ ഗോപിനാഥിന്റെ ഓട്ടൻതുള്ളൽ, ദീപാരാധനയ്ക്കു ശേഷം ശങ്കരംകുളങ്ങര രാധാകൃഷ്ണൻ, സൂരജ് എന്നിവരുടെ ഇരട്ടത്തായമ്പക, രാത്രി 7.45ന് വിളക്ക് എഴുന്നള്ളിപ്പ് എന്നിവ ഉണ്ടാകും. പത്രസമ്മേളനത്തിൽ പി. ബാലകൃഷ്ണൻ, പ്രശാന്ത് എന്നിവർ പങ്കെടുത്തു.