ചാലക്കുടി: 140, 85,55 647 രൂപ വരവും 138, 38, 10, 470 രൂപ ചെലവും 2, 47, 45, 167 രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന നഗരസഭയുടെ 2022-23 സാമ്പത്തിക വർഷത്തേയ്ക്കുള്ള ബഡ്ജറ്റ് വൈസ് ചെയർപേഴ്‌സൺ സിന്ധു ലോജു അവതരിപ്പിച്ചു. നഗരസഭയുടെ ഇൻഡോർ സ്‌റ്റേഡിയത്തിന് മുൻഭാഗത്ത് ഷോപ്പിംഗ് കോംപ്ലക്‌സ് നിർമ്മിക്കുന്നതിന് 2 കോടിയും നോർത്ത് ബസ് സ്റ്റാൻഡിൽ പുതിയ ഷോപ്പിംഗ് കോംപ്ലക്‌സിനായി 1 കോടി രൂപയും ബഡ്ജറ്റിൽ നീക്കിവച്ചു. ഇൻഡോർ സ്‌റ്റേഡിയം പ്രവർത്തനക്ഷമമാക്കുന്നതിന് 1 കോടിയും വകയിരുത്തി. കലാഭവൻ മണി പാർക്കിന്റെ രണ്ടാംഘട്ട വിപുലീകരണത്തിന് 2 കോടി രൂപ മാറ്റിവച്ചു. ഭവന പുനരുദ്ധാരണ പ്രവൃത്തികൾക്കായി 200 കുടുംബങ്ങളെ ഉൾപ്പെടുത്തുമെന്ന് വൈസ് ചെയർപേഴ്‌സൺ പറഞ്ഞു. ഇതിനായി 50 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. സർക്കാർ വിദ്യാലയങ്ങളുടെ വികസന പ്രവർത്തനങ്ങൾക്ക് 60 ലക്ഷം, പട്ടികജാതി വിഭാഗങ്ങളുടെ ക്ഷേമ പ്രവർത്തനങ്ങൾക്ക് 2 കോടി, റോഡ് നിർമ്മാണം, അനുബന്ധ പ്രവർത്തനം എന്നിവയ്ക്കായി 6 കോടി രൂപ എന്നീ വിധത്തിലുമുള്ള ചെലവുകൾ ബഡ്ജറ്റിൽ ഇടംപിടിച്ചു. 36 വാർഡുകളിലേയും ജനങ്ങൾക്ക് സ്വീകാര്യമായ മാസ്റ്റർ പ്ലാനാണ് നടപ്പാക്കുകയെന്ന് വൈസ് ചെയർമാൻ യോഗത്തെ അറിയിച്ചു. ചെയർമാൻ വി.ഒ. പൈലപ്പൻ യോഗത്തിൽ അദ്ധ്യക്ഷനായി. സ്ഥിരം സമിതി അദ്ധ്യക്ഷരായ അഡ്വ. ബിജു ചിറയത്ത്, കെ.വി. പോൾ, നീതാ പോൾ, പാർലമെന്ററി പാർട്ടി ലീഡർ ഷിബു വാലപ്പൻ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.