ചാലക്കുടി: നഗരസഭയിൽ ബഡ്ജറ്റ് പുസ്തകം കത്തിച്ച് പ്രതിപക്ഷ പ്രതിഷേധം. കഴിഞ്ഞ വർഷത്തെ ആവർത്തനമാണ് എഴുതിവച്ചിരിക്കുന്നതെന്നും ഇതേക്കുറിച്ച് ചർച്ച ചെയ്യാൻപോലും തങ്ങളെ അനുവദിച്ചില്ലെന്ന ആരോപണം ഉന്നയിച്ചായിരുന്നു എൽ.ഡി.എഫ് അംഗങ്ങൾ പ്രതിഷേധിച്ചത്. സി.എസ്. സുരേഷിന്റെ നേതൃത്വത്തിൽ യോഗം ബഹിഷ്‌ക്കരിച്ച ഇവർ ഓഫീസ് കാവാടത്തിൽ ബഡ്ജറ്റ് പുസ്തകം കത്തിക്കുകയായിരുന്നു. നോർത്ത് ബസ് സ്റ്റാൻഡ്്, മാർക്കറ്റ് കെട്ടിടം, ടൗൺ ഹാൾ എന്നിവയുടെ നവീകരണത്തിന് കഴിഞ്ഞ വർഷം ബഡ്ജറ്റിൽ 50 ലക്ഷം രൂപ അനുവദിച്ചിരുന്നു. ഇക്കുറിയും ഇതാവർത്തിരിക്കുന്നു. പ്രതിഷേധത്തിന് ശേഷം സി.എസ്. സുരേഷ് ചൂണ്ടിക്കാട്ടി. പോട്ട ആശേരിപ്പായിൽ ടർഫ് നിർമ്മാണത്തിന് 25 ലക്ഷം രൂപ നീക്കിവയ്ക്കൽ മുൻ വർഷമുണ്ടായിരുന്നു. വി.ആർ.പുരം കമ്മ്യൂണിറ്റി ഹാളിൽ അംബേദ്ക്കർ, പി.കെ. ചാത്തൻ മാസ്റ്റർ എന്നിവരുടെ പ്രതിമകൾ സ്ഥാപിക്കുമെന്ന കഴിഞ്ഞ ബഡ്ജറ്റിലെ വാഗ്ദ്ധാനം നടപ്പാക്കിയില്ലെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി. വി.ജെ. ജോജി, കെ.എസ്. സുനോജ്, ബിജി സദാനന്ദൻ എന്നിവരും സംസാരിച്ചു. ബി.ജെ.പി അംഗം വത്സൻ ചമ്പക്കരയും ബഡ്ജറ്റിനെതിരെ തുറന്നടിച്ചു.