പാവറട്ടി: ആരോഗ്യ മേഖലയിൽ മികച്ച പ്രവർത്തനം കാഴ്ചവച്ച തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കുള്ള സർക്കാരിന്റെ സംസ്ഥാന ആർദ്ര കേരളം 2020-21 വർഷത്തെ പുരസ്‌കാരം മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്തിന്. നവകേരള കർമ്മ പദ്ധതിയുടെ ഭാഗമായുള്ള ആർദ്രം മിഷന്റെ പ്രവർത്തനങ്ങളുടെ പശ്ചാത്തലത്തിലാണ് ആരോഗ്യ മേഖലയിൽ മികച്ച പ്രവർത്തനം കാഴ്ച വയ്ക്കുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് അംഗീകാരമായി ആർദ്ര കേരളം പുരസ്‌കാരം നൽകുന്നത്. ഇൻഫർമേഷൻ കേരള മിഷന്റെ സഹായത്തോട് കൂടിയാണ് പുരസ്‌കാരം നൽകുന്നതിനായി പരിഗണിക്കാവുന്ന തദ്ദേശ സ്ഥാപനങ്ങളുടെ മുൻഗണനനാ പട്ടിക തയ്യാറാക്കുന്നത്.
2020-21 വർഷം ആരോഗ്യ മേഖലയിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ 962.55 കോടി രൂപയുടെ പദ്ധതി പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട്. ഈ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനോടൊപ്പം ആരോഗ്യ വകുപ്പിന്റെയും മറ്റ് അനുബന്ധ വകുപ്പുകളുടെയും ജനപ്രതിനിധികളുടെയും കൂട്ടായ്മ സാദ്ധ്യമാക്കാനും കേരളത്തിന്റെ ആരോഗ്യരംഗത്ത് വലിയ മാറ്റങ്ങൾ വരുത്താനും ഈ നൂതനാശയം കാരണമായിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് അവാർഡ് പ്രഖ്യാപനത്തിലൂടെ വ്യക്തമാക്കി.
എം.എൽ.എ ഫണ്ടിൽ നിന്നും 50 ലക്ഷം, ബ്ലോക്ക് പഞ്ചായത്ത് അനുവദിച്ച 46 ലക്ഷം, എൻ. ആർ.എച്ച്.എം. ഫണ്ട് 23 ലക്ഷം എന്നിങ്ങനെ 1 കോടി 19 ലക്ഷം രൂപയാണ് സി.എച്ച്.സി.യിൽ 2020-21 സാമ്പത്തിക വർഷത്തിൽ ചെലവഴിച്ചിട്ടുള്ളത്.
തിരഞ്ഞെടുപ്പ് മുൻഗണനാ പട്ടിക തയ്യാറാക്കി
തദ്ദേശ സ്ഥാപനങ്ങൾ ആരോഗ്യ മേഖലയിൽ ചെലവഴിച്ച തുക, സാന്ത്വന പരിചരണ പരിപാടികൾ, കായകൽപ്പം, മറ്റ് ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ എന്നിവ പരിഗണിച്ച് മുൻഗണനാ പട്ടിക തയ്യാറാക്കിയാണ് പുരസ്‌കാരത്തിനായി തിരഞ്ഞെടുക്കുന്നത്. ഇതുകൂടാതെ പ്രതിരോധ കുത്തിവയ്പ്പ്, വാർഡുതല പ്രവർത്തനങ്ങൾ മറ്റ് പ്രതിരോധ പ്രവർത്തനങ്ങൾ, നടപ്പാക്കിയ നൂതനമായ ആശയങ്ങൾ, പൊതുസ്ഥലങ്ങളിലെ മാലിന്യ നിർമ്മാർജ്ജനം തുടങ്ങിയവയും പുരസ്‌കാരത്തിനായി വിലയിരുത്തുന്ന ഘടകങ്ങളാണ്.
അവാർഡ് തുകയായി ലഭിക്കുന്ന 10 ലക്ഷം രൂപ ആശുപത്രിയിൽ ഡെന്റൽ ലാബ് തുടങ്ങുന്നതിനും മറ്റു വികസന പ്രവർത്തനങ്ങൾക്കും ചെലവഴിക്കും. നാലുതവണ തുടർച്ചയായി കായകൽപ്പം അവാർഡ് നേടിയ ആശുപത്രിയെ ഇനിയും സമൂഹനന്മ ലക്ഷ്യമാക്കിയുള്ള പദ്ധതികൾ നടപ്പാക്കി മുൻ നിരയിലേക്കെത്തിക്കും.
-ലതി വേണുഗോപാൽ
(ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്)