ചാലക്കുടി: കോടശ്ശേരി ചട്ടിക്കുളത്തെ യുവാവ് അമൽഗോപിയുടെ ജീവൻ രക്ഷിക്കുന്ന ദൗത്യവുമായി നാട്ടുകാരും പൊതുപ്രവർത്തകരും അതിരപ്പിള്ളിയിൽ. വിനോദ സഞ്ചാരികളുടെ കാരുണ്യത്തിനാണ് ഇവർ കൈകൾ നീട്ടുന്നത്. രണ്ടാഴ്ച മുമ്പ് എറണാകുളത്തുണ്ടായ ഒരു വാഹനാപകടത്തിലാണ് അമൽ ഗോപി (24) യ്ക്ക് മാരകമായി പരിക്കേറ്റത്. തലച്ചോറിന് ക്ഷതമേറ്റതിനാൽ ഇതുവരേയും ബോധം തിരികെ കിട്ടിയിട്ടില്ല. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലാണ് ഇപ്പോഴത്തെ ചികിത്സ. വിദഗ്ദ്ധ ശസ്ത്രക്രിയയ്ക്കായി വെല്ലൂരിലേക്ക് കൊണ്ടുപോകണമെന്നാണ് ഡോക്ടമാർ നിർദ്ദേശിക്കുന്നത്. ഇതിനായി നാൽപ്പത് ലക്ഷത്തോളം രൂപയും വേണം. സാധാരണ കുടുബത്തിലെ അംഗമായ അമലിന്റെ ചികിത്സയ്ക്ക് പണം കണ്ടെത്തുന്ന ദൗത്യത്തിൽ ചട്ടിക്കുളത്തെ പൊതുപ്രവർത്തകർ മുന്നിട്ടിറങ്ങിയിരിക്കുകയാണ്. അമൽ ഗോപിക്ക് ജീവനും ജീവിതവും തിരിച്ചു കിട്ടാൻ നല്ലവരായ നാട്ടുകാരുടെ കാരുണ്യം വേണമെന്ന്് ഫണ്ട് ശേഖരണത്തിന് നേതൃത്വം നൽകുന്ന സി.പി.എം ലോക്കൽ സെക്രട്ടറി കെ.കെ. ചന്ദ്രൻ പറഞ്ഞു. ടി.ജെ. സനീഷ്‌കുമാർ എം.എൽ.എയും ധനശേഖരണ പ്രവർത്തനത്തിനെത്തിയിരുന്നു.