പാവറട്ടി: മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് 2022-23 വാർഷിക ബഡ്ജറ്റ് വൈസ് പ്രസിഡന്റ് നിഷ സുരേഷ് അവതരിപ്പിച്ചു. ഉത്പ്പാദന മേഖലയ്ക്കും ടൂറിസത്തിനും ആരോഗ്യ മേഖലയ്ക്കും മുൻഗണന നൽകിയ ബഡ്ജറ്റിൽ 26,63,01,500 രൂപ വരവും 26,32,63, 807 രൂപ ചെലവും 30,37,693 രൂപ മിച്ചവുമാണ് പ്രതീക്ഷിക്കുന്നത്. കൂമ്പുള്ളി കനാൽ ടൂറിസവും കണ്ണോത്ത്-പുല്ല റോഡ് സൗന്ദര്യവത്കരണത്തിനും ബഡ്ജറ്റിൽ മതിയായ പ്രാധാന്യം നൽകിയിട്ടുണ്ട്. പ്രസിഡന്റ് ലതി വേണുഗോപാൽ അദ്ധ്യക്ഷത വഹിച്ചു. വികസനകാര്യ സമിതി ചെയർമാൻ ഇ.വി. പ്രഭീഷ്, ക്ഷേമകാര്യ ചെയർപേഴ്‌സൺ ലീന ശ്രീകുമാർ, ആരോഗ്യ വിദ്യാഭ്യാസ ചെയർമാൻ ഷാജു അമ്പലത്തുവീട്ടിൽ, ഒ.ജെ. ഷാജൻ മാസ്റ്റർ എന്നിവർ സംസാരിച്ചു.
26 കോടി രൂപയുടെ മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് ബഡ്ജറ്റിൽ പത്തരകോടി രൂപ ടൂറിസത്തിന് വകയിരുത്തിയതിൽ പ്രതിഷേധിച്ച് യു.ഡി.എഫ് അംഗങ്ങൾ ബഡ്ജറ്റ് യോഗം ബഹിഷ്‌കരിച്ചു. ഈ ദുരിത കാലത്ത് ടൂറിസത്തിനായി ബഡ്ജറ്റിന്റെ നാല്പത് ശതമാനം വകയിരുത്തിയത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് പ്രതിപക്ഷനേതാവ് ഒ.ജെ. ഷാജൻ മാസ്റ്റർ പറഞ്ഞു. ഈ ബഡ്ജറ്റും ഫണ്ടും മുന്നിൽക്കണ്ടാണ് പൂവത്തൂർ കേന്ദ്രമായി ഒരു ടൂറിസം സഹകരണ സംഘം രൂപീകരിച്ചതെന്ന് സംശയിക്കുന്നതായി യോഗം ബഹിഷ്‌കരിച്ച അംഗങ്ങൾ ആരോപിച്ചു. യോഗം ഒ.ജെ. ഷാജൻ, ഗ്രേസി ജേക്കബ്, ഷെറീഫ് ചിറക്കൽ, മിനി ലിയോ എന്നിവർ ബഹിഷ്‌കരിച്ചു.