elephant
ആനക്കയത്ത് വെള്ളം കുടിക്കുന്നതിനായി ആനക്കൂട്ടം റോഡ് മുറിച്ച് കടക്കുന്നു.

അതിരപ്പിള്ളി: ഷോളയാറിലെ ആനക്കയത്ത് നിയന്ത്രണങ്ങൾ ലംഘിച്ച് ആനകളുടെ ചിത്രങ്ങളെടുക്കാനുള്ള വിനോദ സഞ്ചാരികളുടെ ശ്രമങ്ങൾ അപകടങ്ങൾ വരുത്തുമെന്ന് ആശങ്ക. ഈറ്റക്കാടുകളിൽ തീറ്റ തേടുന്ന ആനകളുടെ ദൃശ്യങ്ങൾ പകർത്താനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നത്. ഇത്തരത്തിൽ ചിത്രങ്ങളെടുക്കാൻ ശ്രമിച്ച കാർ യാത്രികരെ ആന ഓടിക്കുകയും ചെയ്തു. കഴിഞ്ഞ ദിവസമായിരുന്നു സംഭവം. പലയിടങ്ങളും ആനത്താരകളുള്ള പ്രദേശമാണ് ഇറ്റക്കാടുകളാൽ നിറഞ്ഞ ആനക്കയം. ഇവിടെ സ്ഥിരമായി ഇല്ലിയിലകൾ ഭക്ഷിക്കുന്ന ആനക്കൂട്ടങ്ങളേയും കാണാം. റോഡിന് വീതി കുറഞ്ഞ ആനക്കയത്ത് വിനോദ സഞ്ചാരികൾ വാഹനങ്ങളിൽ നിന്നും പുറത്തിറങ്ങാറുമില്ല. ഇല്ലിക്കാട്ടിൽ നിന്നും ഡാമിന്റെ റിസർവോയറിലേക്ക് വെള്ളം കുടിക്കാനെത്തിയ ആനകൾ ആളുകളെ കണ്ട് കുറേനേരം തമ്പിട്ടുനിന്നു. പിന്നീടാണ് ചിത്രങ്ങളെടുത്തു നിന്നവരുടെ അടത്തേയ്ക്ക് പാഞ്ഞുവന്നത്. പെട്ടന്ന് വിനോദ സഞ്ചാരികൾ വാഹനങ്ങളിൽ കയറി രക്ഷപ്പെടുകയും ചെയ്തു. ആനത്താരകളുള്ള സ്ഥലങ്ങളിൽ യാത്രക്കാർ തമ്പടിക്കരുതെന്ന് വനംവകുപ്പിന്റെ മുന്നറിയിപ്പുള്ളതാണ്. രണ്ടു വർഷമായി വിനോദ സഞ്ചാരത്തിന് നിയന്ത്രണമുണ്ടായിനാൽ ആനകൾ റോഡിലിറങ്ങുന്നതും സ്ഥിരമാണ്. കൊവിഡ് നിയന്ത്രണങ്ങൾ പൂർണമായും നീങ്ങിയതോടെ മലക്കപ്പാറയിലേക്കുള്ള വിനോദ സഞ്ചാരികൾ കൂടിയിട്ടുണ്ട്.