ഇരിങ്ങാലക്കുട: സ്‌കൂൾ കലാമേളയോ, കായികമേളയോ, ശാസ്ത്ര മേളയോ, മേളകൾ ഏതുമാകട്ടെ ഇരിങ്ങാലക്കുടയിൽ ചുക്കാൻ പിടിക്കാൻ അബ്ദുൾ ഹഖ് മാഷ് ഉണ്ടായിരുന്നു. മേളകളുടെ ഉസ്താദായ ഇരിങ്ങാലക്കുട ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിലെ അദ്ധ്യാപകനായ ഹഖ് മാഷ് ഇന്ന് സർവീസിൽ നിന്നും പടിയിറങ്ങും. ഒപ്പം ഈ വിദ്യാലയത്തിലെ പ്രധാന അദ്ധ്യാപികയും ഹക്ക് മാസ്റ്ററുടെ ഭാര്യയുമായ സീനത്തും.

സീനത്ത് ടീച്ചർക്ക് മേയ് 31 വരെ കാലാവധിയുണ്ടെങ്കിലും രണ്ട് മാസം സ്‌കൂൾ അവധിയായതിനാൽ ഇരുവർക്കുമുള്ള യാത്രഅയപ്പ് ചടങ്ങ് സംയുക്തമായാണ് സംഘടിപ്പിക്കുന്നത്. 2002 മുതൽ സബ്ജില്ലാ, റവന്യൂ ജില്ലാ സംസ്ഥാന കലോത്സവം, ശാസ്ത്രമേള, കായികമേള എന്നിവയുടെ കൺവീനർ, കോ- ഓർഡിനേറ്റർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

2012 സംസ്ഥാന കലോത്സവം തൃശൂരിൽ നടന്നപ്പോൾ ജില്ലാ ടീം മാനേജറായിരുന്നു. ആ വർഷമാണ് ജില്ലയ്ക്ക് ആദ്യമായി സംസ്ഥാന കലോത്സവത്തിൽ രണ്ടാം സ്ഥാനം ലഭിച്ചത്. ജില്ലാ കായികമേളയിൽ ആദ്യമായി താരങ്ങൾക്കും ഒഫീഷ്യൽസിനും ഭക്ഷണം നൽകിയ 2006ൽ ജില്ലാ കായികമേളയുടെ ഫുഡ് കമ്മിറ്റി കൺവീനറായിരുന്നു.

വിവിധ വർഷങ്ങളിൽ നടന്ന അദ്ധ്യാപക ദിനാഘോഷം, ശിശുദിനാഘോഷം, ടി.ടി.ഐ കലോത്സവം തുടങ്ങിയവയിൽ ജില്ലാ വികസന സമിതി കൺവീനർ സ്ഥാനം വഹിച്ചിട്ടുണ്ട്. ദേശീയ സയൻസ് ഫെയർ തൃശൂരിൽ നടന്നപ്പോൾ അതിന്റെ കൺവീനർ സ്ഥാനം വഹിച്ച് മാതൃകാ പ്രവർത്തനം കാഴ്ചവച്ചു. തന്റെ വിദ്യാലയത്തിന്റെ വികസന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാനും മുന്നിലുണ്ടായിരുന്നു. എച്ച്.എസ്.ഇ, വി.എച്ച്.എസ്.ഇ വിഭാഗങ്ങളുടെ പുതിയ കെട്ടിടം, കുട്ടികളുടെ കളിസ്ഥലം, എ.സി ക്ലാസ് മുറികൾ എന്നിവ അവയിൽ ചിലത് മാത്രം. കേരളത്തിലെ വിദ്യാലയങ്ങൾ ഹൈടെക്ക് ആക്കുന്നതിന് വർഷങ്ങൾക്ക് മുമ്പേ തന്റെ വിദ്യാലയത്തിൽ ഡിജിറ്റൽ ക്ലാസ്‌ റൂം എന്ന ആശയം നടപ്പിലാക്കി. ഇരിങ്ങാലക്കുടയിൽ വിദ്യാലയങ്ങൾ സമ്പൂർണ കമ്പ്യൂട്ടർ സാക്ഷരതാ മണ്ഡലമാക്കി മാറ്റുന്നതിന്റെ പ്രൊജക്ട് കോ- ഓർഡിനേറ്ററായി. ജി.എസ്.ടി.യു, കെ.പി.എസ്.ടി.എ എന്നീ പ്രസ്ഥാനങ്ങളുടെ റവന്യൂ ജില്ലാ പ്രസിഡന്റ്, സംസ്ഥാന നിർവാഹക സമിതി അംഗം എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.