koal

തൃശൂർ : വെട്ടിക്കടവ് മുതൽ മലപ്പുറം ജില്ലയിലെ ബിയ്യം റെഗുലേറ്റർ വരെ വ്യാപിച്ചു കിടക്കുന്ന 3670 ഹെക്ടർ കോൾപ്രദേശമായ പൊന്നാനി കോളിലെ ജലക്ഷാമം പരിഹരിക്കാനും നവീകരണ പ്രവർത്തനങ്ങൾക്കും കളമൊരുങ്ങുന്നു. കഴിഞ്ഞ ദിവസത്തെ മന്ത്രിതലയോഗത്തിലെ തീരുമാനങ്ങളാണ് പ്രതീക്ഷ നൽകുന്നത്.
മഴയെ ആശ്രയിച്ച് നെൽക്കൃഷി നടക്കുന്ന മേഖലയാണ് പൊന്നാനി കോൾ മേഖല. റവന്യൂമന്ത്രി കെ.രാജൻ, ജലവിഭവമന്ത്രി റോഷി അഗസ്റ്റിൻ എന്നിവരുടെ നേതൃത്വത്തിലാണ് യോഗം ചേർന്നത്.

പൊന്നാനി കോൾ പ്രദേശത്തെ നിലവിലെ ജലക്ഷാമത്തിന് പരിഹാരം കാണാനുള്ള വിവിധ നിർദ്ദേശം യോഗത്തിൽ അംഗീകരിച്ചു. നൂറടിത്തോടിന്റെ നവീകരണത്തോടൊപ്പം ഭാരതപ്പുഴ ബിയ്യം കായൽ ലിങ്ക് കനാൽ പദ്ധതി ഇതിന്റെ ഭാഗമായി അടിയന്തരമായി നടപ്പിലാക്കും. തൃശൂർ മലപ്പുറം ജില്ലയിലായി വ്യാപിച്ചുകിടക്കുന്ന പൊന്നാനി കോളിലെ വിവിധ പ്രദേശങ്ങളിലെ കോൾക്കർഷകർക്ക് ജലലഭ്യത ഉറപ്പുവരുത്താവുന്ന രീതിയിൽ ജലസേചനവകുപ്പും കൃഷിവകുപ്പും സംയുക്തമായി കളക്ടർമാരുടെ നേതൃത്വത്തിൽ കാർഷിക കലണ്ടർ മുൻകൂട്ടി തയ്യാറാക്കി നൽകും.

സമയബന്ധിതമായി പൂർത്തിയാക്കും

നിലവിൽ കെ.എൽ.ഡി.സി, മൈനർ ഇറിഗേഷൻ, കെ.എസ്.ഇ.ബി വകുപ്പുകൾ നിർവഹിക്കുന്ന പൊന്നാനി കോളുമായി ബന്ധപ്പെട്ട ആർ.കെ.ഐ, നബാർഡ് പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കാൻ വകുപ്പുദ്യോഗസ്ഥർക്ക് യോഗം നിർദ്ദേശം നൽകി. വൈദ്യുതീകരണവും പമ്പ് സെറ്റുകൾ പ്രവർത്തനക്ഷമമാക്കലും ഈ സീസണിൽ പൂർത്തീകരിക്കും.

നൂറടിത്തോട് ബണ്ട് ബലപ്പെടുത്തും

നൂറടിത്തോട് ബണ്ട് ബലപ്പെടുത്തൽ അടിയന്തര പ്രാധാന്യമുള്ള വിഷയമായേറ്റെടുക്കും. നൂറടിത്തോട്ടിലും ഇതിനോട് ചേരുന്ന ഉൾത്തോടുകളിലും മഴക്കാലത്ത് സംഭരിക്കുന്ന ജലം കാർഷികാവശ്യത്തിന് ഉപയോഗപ്പെടുത്തുന്ന രീതിയാണ് അവലംബിക്കുന്നത്. ബണ്ടൊരുക്കി, തടയണകൾ നിർമ്മിച്ച് മോട്ടോർഷെഡും വൈദ്യുതി കണക്ഷൻ നൽകിയും ഉൾത്തോടുകൾ പുനരുദ്ധരിച്ചും നടപ്പിലാക്കി വരുന്ന മേഖല കൂടിയാണിത്. നെൽക്കൃഷിയുടെ തോത് വർദ്ധിച്ചുവരുന്നത് കടുത്ത ജലക്ഷാമത്തിന് ഇവിടെ വഴിയൊരുക്കുന്നുണ്ട്. കോൾ മേഖലയോട് ചേർന്ന് കിടക്കുന്ന കടവല്ലൂർ പോലുള്ള കോളിതര പ്രദേശങ്ങളിലെ നെൽക്കൃഷിക്കും നൂറടിത്തോടിലെ ജലം തന്നെയാണ് ആശ്രയം.

എം.എൽ.എമാരായ എ.സി.മൊയ്തീൻ, പി.നന്ദകുമാർ, എൻ.കെ.അക്ബർ, മലപ്പുറം കളക്ടർ വി.ആർ.പ്രേംകുമാർ, കളക്ടർ ഹരിത വി.കുമാർ, കെ.എൽ.ഡി.സി എം.ഡി, കൃഷി വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി, മലപ്പുറം, തൃശൂർ പ്രിൻസിപ്പൾ അഗ്രികൾച്ചറൽ ഓഫീസർമാർ തുടങ്ങിയവരാണ് പങ്കെടുത്തത്.