devaswam

തൃശൂർ : കൊച്ചിൻ ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിൽ സമ്പൂർണ്ണ കമ്പ്യൂട്ടർവത്കരണം നടപ്പിലാക്കുമെന്ന് ബോർഡിന്റെ ബഡ്ജറ്റ് പ്രഖ്യാപനം. എല്ലാ ക്ഷേത്രങ്ങളിലും ശൗച്യാലയങ്ങൾ നിർമ്മിക്കും. തേക്കിൻകാട് സൗന്ദര്യവത്കരണത്തിന് ഉടൻ തുടക്കം കുറിക്കുമെന്നും പ്രസിഡന്റ് പറഞ്ഞു. 265.66 കോടി രൂപ വരവും 259.60 കോടി ചെലവും 6.06 കോടി രൂപ നീക്കിയിരിപ്പും ഉള്ള ബഡ്ജറ്റാണ് അവതരിപ്പിച്ചത്.

ക്ഷേത്രങ്ങളുടെ നവീകരണത്തിന് 18 കോടിയും നീക്കിവച്ചു. ജീവനക്കാരുടെ ശമ്പള വർദ്ധനവ് മേയ് മാസത്തോടെ നടപ്പാക്കുമെന്നും ബോർഡ് പ്രസിഡന്റ് വി.നന്ദകുമാർ പത്രസമ്മേളനത്തിൽ പറഞ്ഞു. ഇതിനോടകം ബോർഡിന്റെ നഷ്ടപ്പെട്ട 59 ഏക്കർ സ്ഥലം പിടിച്ചെടുത്തിട്ടുണ്ട്. ഇനി നൂറ് ഏക്കറെങ്കിലും തിരിച്ചു പിടിക്കാനുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൂടൽമാണിക്യ വിഷയത്തിൽ പ്രതികരിക്കാനില്ലെന്നും നന്ദകുമാർ പറഞ്ഞു.

നടപ്പാക്കുന്ന പ്രധാന പദ്ധതികൾ


സമ്പൂർണ്ണ കമ്പ്യൂട്ടർവത്കരണം
എല്ലാ ക്ഷേത്രങ്ങളിലും ശൗച്യാലയങ്ങൾ
ചോറ്റാനിക്കര, കൊടുങ്ങല്ലൂർ, തൃപ്രയാർ ക്ഷേത്രങ്ങളിൽ നവീകരണം
ദേവസ്വം ബോർഡിന്റെ വാണിജ്യപ്രാധാന്യമുള്ള ഈസ്റ്റ് പള്ളിത്താമം, അശോകേശ്വരം, സൗത്ത് ചിറ്റൂർ, കൂത്താപ്പാടി, ഏരൂർ, ആനപ്പറമ്പ് എന്നിവിടങ്ങളിൽ ഷോപ്പിംഗ് കോംപ്ലക്‌സ് നിർമ്മാണം
പിൽഗ്രിം ടൂറിസം പദ്ധതി
കെ.എസ്.ആർ.ടി.സിയുമായി സഹകരിച്ച് നാലമ്പലദർശനം
ബോർഡിന് കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നവീകരണം.
നെല്ലുവായ്, ധന്വന്തരി ക്ഷേത്രത്തോട് അനുബന്ധിച്ചുള്ള ആയുർവേദ ആശുപത്രി സമഗ്ര വിപുലീകരണം
സർക്കാർ സഹായത്തോടെ കാവ്, കുളം സംരക്ഷണ പദ്ധതി