gvr

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ പുതിയ മേൽശാന്തിയായി തിയ്യന്നൂർ മനയ്ക്കൽ കൃഷ്ണചന്ദ്രൻ നമ്പൂതിരി (37) സ്ഥാനമേറ്റു. ഏപ്രിൽ ഒന്നുമുതൽ ആറു മാസത്തേയ്ക്കാണ് ചുമതല. രാത്രി അത്താഴപൂജയ്ക്കും തൃപ്പുകയ്ക്കും ശേഷമായിരുന്നു ചുമതലയേൽക്കൽ. കാലാവധി പൂർത്തിയാക്കിയ മേൽശാന്തി തെക്കേപ്പാട്ട് ജയപ്രകാശ് നമ്പൂതിരി സ്ഥാനചിഹ്നമായ താക്കോൽ കൂട്ടം നമസ്‌കാര മണ്ഡപത്തിലെ വെള്ളിക്കുടത്തിൽ സമർപ്പിച്ച് സ്ഥാനമൊഴിഞ്ഞു.

ഊരാളൻ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരി താക്കോൽ കൂട്ടം പുതിയ മേൽശാന്തി കൃഷ്ണചന്ദ്രൻ നമ്പൂതിരിക്ക് നൽകി. തുടർന്ന് അദ്ദേഹം ശ്രീലകത്ത് കയറി ഗുരുവായൂരപ്പന്റെ തൃപ്പാദങ്ങളിൽ താക്കോൽ കൂട്ടം സമർപ്പിച്ച് വണങ്ങി. സെപ്തംബർ 30 വരെയുള്ള ആറ് മാസം ക്ഷേത്രമതിലിനകത്തിന് പുറത്തുപോകാതെ കൃഷ്ണചന്ദ്രൻ നമ്പൂതിരി പുറപ്പെടാശാന്തിയായി പൂജകൾ നിർവഹിക്കും.