ഗുരുവായൂർ: കൊവിഡ് പശ്ചാത്തലത്തിൽ നിറുത്തിവച്ച ഗുരുവായൂരിൽ നിന്നുള്ള പാസഞ്ചർ തീവണ്ടികളുടെ സർവീസ് പുനരാരംഭിക്കണമെന്ന് ഗുരുവായൂർ ദേവസ്വം ഭരണസമിതി യോഗം ആവശ്യപ്പെട്ടു. കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവ് ലഭ്യമായ സാഹചര്യത്തിൽ ഗുരുവായൂരിലേക്ക് കൂടുതൽ ഭക്തജനങ്ങൾ എത്തിക്കൊണ്ടിരിക്കുകയാണ്. ഇവർക്കാവശ്യമായ യാത്രാസൗകര്യങ്ങൾ ഒരുക്കുന്നതിൽ റെയിൽവേയുടെ സഹകരണം അനിവാര്യമാണെന്നും യോഗം വിലയിരുത്തി. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി തീവണ്ടി സർവീസ് പുന:സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് റെയിൽവേ അധികാരികൾക്ക് ദേവസ്വം കത്ത് കൈമാറും. ഏപ്രിൽ 15 ന് പുലർച്ചെ 2:30 മണി മുതൽ 3:30 വരെ വിഷുക്കണി ദർശനത്തിനായി തുടർനടപടി സ്വീകരിക്കാനും യോഗത്തിൽ തീരുമാനമായി. ദേവസ്വം ഭരണസമിതി യോഗത്തിൽ ചെയർമാൻ ഡോ. വി.കെ. വിജയൻ അദ്ധ്യക്ഷനായിരുന്നു. ഭരണസമിതി അംഗങ്ങളായ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, പി.സി. ദിനേശൻ നമ്പൂതിരിപ്പാട്, ചെങ്ങറ സുരേന്ദ്രൻ, അഡ്വ.കെ.വി. മോഹന കൃഷ്ണൻ, ദേവസ്വം അഡ്മിനിസ്‌ട്രേറ്റർ കെ.പി. വിനയൻ എന്നിവർ സന്നിഹിതരായി.