കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂർ നഗരസഭ 2021- 22 വർഷം പദ്ധതി വിഹിതം ചെലവഴിക്കുന്നതിൽ 105.24 ശതമാനം നേട്ടം കൈവരിച്ചു. സംസ്ഥാന തലത്തിൽ രണ്ടാം സ്ഥാനവും, ജില്ലയിൽ ഒന്നാം സ്ഥാനവും കരസ്ഥമാക്കി. നഗരസഭയുടെ സമഗ്ര വികസനത്തിന് ഊന്നൽ നൽകുന്ന പദ്ധതികളാണ് പൂർത്തീകരിച്ചത്.

കൂടാതെ നികുതി പിരിവിൽ നഗരസഭക്ക് സംസ്ഥാനത്ത് മൂന്നാം സ്ഥാനവും, ജില്ലയിൽ ഒന്നാം സ്ഥാനവും ലഭിച്ചു. നികുതി പിരിവിൽ 100 ശതമാനം കവിഞ്ഞതിനാൽ നഗരസഭയ്ക്ക് ലഭിക്കേണ്ട ഗ്രാന്റിൽ വലിയ വർദ്ധനവ് ഉണ്ടാകും. നഗരസഭാ എൻജിനിയറിംഗ് വിഭാഗമാണ് ഏറ്റവും കൂടുതൽ പദ്ധതികൾ സമയബന്ധിതമായി പൂർത്തീകരിച്ചത്.

നഗരസഭയിലെ വിവിധ വകുപ്പുകളുടെയും, നിർവഹണ ഉദ്യോഗസ്ഥരുടെയും, സ്റ്റാൻഡിംഗ് കമ്മിറ്റികളുടെയും ഇച്ഛാശക്തിയോടുകൂടിയ ഇടപെടലും കാര്യക്ഷമമായ പ്രവർത്തനവുമാണ് നഗരസഭയെ ഈ നേട്ടം കൈവരിക്കാൻ സഹായിച്ചതെന്ന് ചെയർപേഴ്‌സൺ എം.യു. ഷിനിജ, വൈസ് ചെയർമാൻ കെ.ആർ. ജൈത്രൻ എന്നിവർ പറഞ്ഞു.