
തൃശൂർ: ക്ലാസുകൾ വേണ്ടത്ര ലഭിക്കാതെ പരീക്ഷ നടത്തുന്നതിൽ പ്രതിഷേധിച്ച് ഗവ.മെഡിക്കൽ കോളേജിലെ അവസാന വർഷ എം.ബി.ബി.എസ് പരീക്ഷ വിദ്യാർത്ഥികൾ ബഹിഷ്‌കരിച്ചു. 132 വിദ്യാർത്ഥികളിൽ 102 പേരാണ് ബഹിഷ്‌കരിച്ചത്. പരീക്ഷ മാറ്റി വയ്ക്കണമെന്ന വിദ്യാർത്ഥികളുടെ ആവശ്യം ഹൈക്കോടതി നിരസിച്ചതിനെ തുടർന്ന് പരീക്ഷകൾ വ്യാഴാഴ്ച മുതൽ നടത്താൻ ആരോഗ്യ സർവകലാശാല തീരുമാനിച്ചിരുന്നു.
സിലബസ് പ്രകാരം 792 മണിക്കൂർ ക്ലിനിക്കൽ ക്ലാസുകൾ നടന്നിട്ടില്ലെന്നതിനാൽ പരീക്ഷ നീട്ടണമെന്നാവശ്യപ്പെട്ടാണ് എം.ബി.ബി.എസ് അവസാനവർഷ വിദ്യാർത്ഥികൾ ഹൈക്കോടതിയെ സമീപിച്ചത്. കോളേജുകൾ പ്രസിദ്ധീകരിച്ച ടൈം ടേബിൾ പരിശോധിക്കുമ്പോൾ 580 മണിക്കൂർ മാത്രമേ ക്ലാസ് നടന്നിട്ടുള്ളൂവെന്നാണ് വിദ്യാർത്ഥികളുടെ വാദം. എന്നാൽ ,പ്രിലിൽ ക്ലാസുകൾ ആരംഭിച്ചെന്നും അധിക ക്ലാസെടുത്തെന്നുമാണ് സർവകലാശാല കോടതിയിൽ അറിയിച്ചത്.