പാവറട്ടി: നൂറ്റാണ്ടുകൾ പഴക്കമുള്ള പുരാവസ്തുക്കൾ എൺപതാം വയസിലും നിധിപോലെ സൂക്ഷിക്കുകയാണ് ആന്റണി ചിറ്റാട്ടുകര എന്ന അദ്ധ്യാപകൻ. 1962 മുതലാണ് ആന്റണി മാഷ് പുരാവസ്തു ശേഖരണം ആരംഭിച്ചത്. മറ്റത്തിനടുത്ത് നമ്പഴിക്കാടാണ് മാഷ് ഇപ്പോൾ താമസിക്കുന്നത്. നിറയെ ബോൺസായ് ചെടികൾ നിറഞ്ഞ മുറ്റം കടന്നുചെന്നാൽ നടക്കാനുള്ള ചെറിയ സ്ഥലം മാത്രം ഒഴിവാക്കി വീടും പരിസരവും വർഷങ്ങൾ പഴക്കമുള്ള കരിങ്കൽ ശിൽപ്പങ്ങൾ നിറഞ്ഞിരിക്കുകയാണ്.
ചൈനീസ് മിങ്ങ് രാജവംശ കാലത്തെ ബ്ലൂ പോട്ടറി വിഭാഗത്തിലുള്ള ഭരണികൾ, ബൈബിൾ പഴയ നിയമത്തിന്റെ ഹിബ്രു ഭാഷയിലുള്ള 'ചാവുകടൽ ചുരുളുകൾ ' എന്ന് അറിയപ്പെടുന്ന പാപ്പിറസ് ചുരുൾ, ശക്തൻ തമ്പുരാന്റെ കാലത്ത് വധശിക്ഷ നടപ്പാക്കാൻ ഉപയോഗിച്ചിരുന്ന ഇരുമ്പിൽ നിർമ്മിച്ച കൊടുവാൾ, ടിപ്പുവിന്റെ കാലത്തെ ചെറിയ ഇരുമ്പു പീരങ്കി എന്നീ വിലമതിക്കാനാവാത്ത ശേഖരങ്ങൾ മാഷ് സൂക്ഷിച്ചുവരുന്നു. വിവിധതരം കിണ്ടി വിളക്കുകൾ, പലതരം നിലവിളക്കുകൾ എന്നിവയും റോമിൽ അച്ചടിച്ച ആദ്യ മലയാള പുസ്തകമായ സംക്ഷേപ വേദാർത്ഥം, മലയാളത്തിലെ ആദ്യ നോവലായ ഇന്ദുലേഖയുടെ ആദ്യപതിപ്പ്, വിക്ടർ ഹ്യൂഗോയുടെ ഇംഗ്ലീഷ് പരിഭാഷ, ഗാന്ധിജിയുടെ പത്രാധിപത്യത്തിൽ ഇറങ്ങിയിരുന്ന ''ഹരിജൻ യംഗ് ഇന്ത്യ ' യുടെ ബൈന്റ് ചെയ്ത കോപ്പി, ചരിത്രത്തിന് സാക്ഷിയാക്കുന്ന ചരിത്ര മുഹൂർത്തങ്ങൾ ആയ ഗാന്ധിജിയെ അറസ്റ്റ് ചെയ്ത വാർത്ത, എബ്രഹാം ലിങ്കൺ വെടിയേറ്റ് മരിച്ച വാർത്ത എന്നിവ പ്രസിദ്ധീകരിച്ച പത്രങ്ങൾ എന്നിവയും മാഷുടെ ശേഖരത്തിലുണ്ട്. മഹാത്മാഗാന്ധി ഉപയോഗിച്ച കണ്ണട, പ്രസംഗം റെക്കോഡ് ചെയ്ത ഗ്രാമഫോൺ, ചർക്ക അങ്ങിനെ പതിമൂന്നിലധികം ഗാന്ധിജിയുടെ മാത്രമായുള്ള പുരാശേഖരങ്ങളും കയ്യിലുണ്ട്. ചാവക്കാട് ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ അദ്ധ്യാപകനായി വിരമിച്ച മാഷിന് ഈ ശേഖരങ്ങൾ വച്ച് ഒരു മ്യൂസിയം തുടങ്ങണമെന്ന് ആഗ്രഹമുണ്ടായെങ്കിലും അത് സഫലമാക്കാനായില്ല.
ഈ പുരാവസ്തു ശേഖരങ്ങൾ ചരിത്രപരമായും ഗവേഷണാത്മകമായും ഉപയോഗപ്പെടുത്തി വരുംതലമുറയ്ക്ക് പ്രയോജനപ്പെടുത്താൻ ബന്ധപ്പെട്ടവർ തയ്യാറകണം-
-ആന്റണി ചിറ്റാട്ടുകര.