ഇരിങ്ങാലക്കുട: കൊവിഡിന്റെ അടച്ചിടൽ കഴിഞ്ഞ് കുട്ടികൾ എത്തുന്നതും കാത്തിരിക്കുകയാണ് ഇരിങ്ങാലക്കുട നഗരസഭയുടെ റിപ്പബ്ലിക്ക് പാർക്ക്. രണ്ട് വർഷത്തിലധികമായി പാർക്ക് അടച്ചിരിക്കുകയാണ്. കൊവിഡിന് മുമ്പ് ദിവസവും സായാഹ്നങ്ങളിൽ ഒട്ടേറെ കുട്ടികളാണ് അയ്യങ്കാവ് മൈതാനത്തിന് സമീപത്തെ പാർക്കിൽ എത്തിയിരുന്നത്.
നഗരത്തിലെ പ്രധാന വിനോദ കേന്ദ്രം അയ്യങ്കാവ് മൈതാനവും പാർക്കുമാണ്. നിയന്ത്രണങ്ങളിൽ ഇളവ് വന്നതോടെ പാർക്കുകളും തീയറ്ററുകളും മറ്റും തുറന്നെങ്കിലും നഗരസഭ പാർക്ക് ഇനിയും തുറക്കാത്തത് പ്രതിഷേധങ്ങൾക്കും പരാതികൾക്കും ഇടയാക്കുന്നുണ്ട്.
കഴിഞ്ഞ ഡിസംബറിൽ കൊവിഡ് വ്യാപനം കുറഞ്ഞ സമയത്ത് പാർക്ക് തുറക്കാനുള്ള നടപടികൾ നഗരസഭ ആരംഭിച്ചിരുന്നു. അന്ന് ശുചീകരണം പൂർത്തിയാക്കിയിരുന്നു. പാർക്കിനുള്ളിലെ കത്താത്ത ബൾബുകൾ മാറ്റിയിട്ടു. എന്നാൽ, ജനുവരിയോടെ വീണ്ടും കൊവിഡ് പിടിമുറുക്കിയതോടെ തുറക്കാനുള്ള ശ്രമം ഉപേക്ഷിച്ചു.
കഴിഞ്ഞ രണ്ട് ഭരണസമിതികളുടെ കാലത്തായി 28 ലക്ഷത്തോളം രൂപ ചെലവഴിച്ച് പാർക്കിൽ നവീകരണം നടത്തിയിരുന്നു. തുരുമ്പുപിടിച്ച കളിയുപകരണങ്ങൾ മാറ്റി പുതിയവ സ്ഥാപിച്ചു.
ഇരിപ്പിടങ്ങളിൽ ചായം പൂശി. എന്നാൽ അടച്ചിടൽ ആരംഭിച്ചതോടെ അവയെല്ലാം നാശത്തിന്റെ വക്കിലായി.
പാർക്കിലെ മരങ്ങളിൽ നിന്ന് വീഴുന്ന ഇലകൾ വളമാക്കി മാറ്റുന്നതിനായി തുമ്പൂർമുഴി മാതൃകയിൽ മുളകൊണ്ട് സംസ്‌കരണ യൂണിറ്റുകൾ ഒരുക്കിയിട്ടുണ്ട്.
രാത്രി സമയത്തെ വെളിച്ചക്കുറവ് പരിഹരിക്കുന്നതിനായി എം.എൽ.എ ഫണ്ട് ഉപയോഗിച്ച് ഹൈമാസ്റ്റ് വിളക്കും സ്ഥാപിച്ചു. എന്നാൽ ഇത്തവണ നിയന്ത്രണങ്ങൾ മാറി പാർക്ക് തുറക്കുന്നതിനായി ശുചീകരണ പ്രവർത്തനങ്ങൾ നടത്തുന്നതിനിടിയിലാണ് കളിയുപകരണങ്ങളിൽ വീണ്ടും തുരുമ്പ് ശ്രദ്ധയിൽപ്പെട്ടത്. ചിലതിന്റെ കമ്പികൾ ജീർണിച്ച അവസ്ഥയിലാണ്. എത്രയും വേഗം പാർക്ക് പൂർവസ്ഥിതിയിലാക്കണമെന്നാണ് പൊതുജനങ്ങളുടെ ആവശ്യം.
അറ്റകുറ്റപ്പണികൾ പൂർത്തികരിച്ച് പാർക്ക് രണ്ടാഴ്ചയ്ക്കുള്ളിൽ തുറക്കും. അതോടൊപ്പം പാർക്കിനുള്ളിലെ കെട്ടിടം വായനശാലയാക്കി മാറ്റും.
സോണിയ ഗിരി
നഗരസഭ ചെയർപേഴ്സൺ