kp-kumaran

തൃശൂർ: സ്‌കൂൾ പഠനകാലത്ത് കുമാരനാശാന്റെ കവിതകൾ പകർത്തിയെഴുതുമ്പോൾ പിൽക്കാലത്ത് ആ മഹാകവിയെക്കുറിച്ച് സിനിമയൊരുക്കാനാകുമെന്ന് കെ.പി.കുമാരൻ കരുതിയിരുന്നില്ല. സഹോദരനും അദ്ധ്യാപകനുമായ നാരായണനാണ് പകർത്തിയെഴുതാൻ നിർദ്ദേശിച്ചത്. മനസിൽ പതിഞ്ഞ മഹാകവിയെ സിനിമയിൽ പകർത്താനായിരുന്നു ഇപ്പോൾ കുമാരന്റെ നിയോഗം. തിരുവനന്തപുരത്ത് താമസിക്കുന്ന കണ്ണൂർ സ്വദേശി കെ.പി.കുമാരൻ

രചനയും സംവിധാനവും നിർവഹിച്ച, ആശാന്റെ ജീവിതത്തെക്കുറിച്ചുള്ള സിനിമ 'ഗ്രാമവൃക്ഷത്തിലെ കുയിൽ' ഏപ്രിൽ എട്ടിന് തിയേറ്ററുകളിലെത്തും. ആശാന്റെ ആത്മകഥാംശമുള്ള കവിതയാണ് ഗ്രാമവൃക്ഷത്തിലെ കുയിൽ. പുതുമുഖങ്ങളും നവാഗതരുമാണ് അഭിനേതാക്കൾ. കുമാരന്റെ ഭാര്യ ശാന്തമ്മ പിള്ളയാണ് നിർമ്മാതാവ്. ആശാന്റെ ജീവിതത്തിലെ അവസാനത്തെ ഏഴു വർഷമാണ് പ്രധാനമായും ചിത്രീകരിച്ചത്. അരുവിഷുറം പ്രതിഷ്ഠ, ആശാനെ ശിഷ്യനായി സ്വീകരിക്കൽ, വിവാഹത്തിന് ആശാൻ അനുമതി ചോദിക്കുന്ന രംഗം എന്നിവയിൽ ശ്രീനാരായണ ഗുരുദേവനായി ടെലിവിഷൻ താരം ബൈജുവാണ് അഭിനയിച്ചിട്ടുള്ളത്. ഗായകനും സംഗീതസംവിധായകനുമായ ശ്രീവത്സൻ ജെ. മേനോനാണ് കുമാരനാശാൻ. കവിതകൾ ആലപിച്ചിട്ടുള്ളതും അദ്ദേഹമാണ്. അദ്ദേഹത്തോടൊപ്പം ആലപിച്ചിട്ടുള്ള മീര ആശാന്റെ കഥാപാത്രങ്ങളായ മാതംഗി, സീത, സാവിത്രി, വാസവദത്ത എന്നിവർക്ക് സാങ്കല്പിക സാന്നിദ്ധ്യം നൽകുന്നു.. ആശാനും ഗുരുവുമായുള്ള ബന്ധം സിനിമയിൽ അനാവൃതമാകുന്നു. സ്‌കൂൾ ഒഫ് ഡ്രാമയിൽ പഠിച്ച ഗാർഗി ആശാന്റെ ഭാര്യ ഭാനുമതിയമ്മയായും പ്രമോദ് രാമൻ മൂർക്കോത്ത് കുമാരനായും രാഹുൽ രാജഗോപാൽ സഹോദരൻ അയ്യപ്പനായും അഭിനയിക്കുന്നു. ആലപ്പുഴ പെരുമ്പളം ദ്വീപിലായിരുന്നു ഷൂട്ടിംഗ്. ഛായാഗ്രാഹകൻ കെ.ജി. ജയൻ, ശബ്ദലേഖനം ടി. കൃഷ്ണനുണ്ണി, കലാസംവിധായകൻ സന്തോഷ് രാമൻ, ചമയം പട്ടണം റഷീദ്.

പിന്നാക്കക്കാരുടെ നായകൻ, പത്രാധിപർ, ശ്രീമൂലം പ്രജാസഭയിലും തിരുവിതാംകൂർ നിയമസഭയിലും അംഗം തുടങ്ങിയ നിലകളിൽ ആശാൻ വേണ്ടത്ര അംഗീകരിക്കപ്പെട്ടില്ല. ഇത് പരിഹരിക്കാനുള്ള ശ്രമമാണ് എന്റെ സിനിമ.

കെ.പി കുമാരൻ