കയ്പമംഗലം: കേരള സംഗീത നാടക അക്കാഡമിയുടെ ആഭിമുഖ്യത്തിൽ മതിലകം സംഘാരവം സംഘടിപ്പിക്കുന്ന തെരുവരങ്ങ് തെരുവ് നാടകോത്സവം 2, 3, 4 തിയതികളിൽ മതിലകത്ത് കളരിപറമ്പ് സ്‌കൂൾ ഗ്രൗണ്ടിൽ നടത്തുമെന്ന് ഇ.ടി. ടൈസൺ മാസ്റ്റർ എം.എൽ.എ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. എപ്രിൽ രണ്ടിന് വൈകീട്ട് 6.30 ന് ആരംഭിക്കുന്ന തെരുവ് നാടകോത്സവം കവിയും നാടക കൃത്തുമായ കരിവെള്ളൂർ മുരളി ഉദ്ഘാടനം ചെയ്യും. എപ്രിൽ 4ന് നടക്കുന്ന സമാപനം പ്രൊഫ. പി. ഗംഗാധരൻ ഉദ്ഘാടനം ചെയ്യും. തെരുവ് നാടകോത്സവത്തിന് മുന്നോടിയായി ഏപ്രിൽ 1ന് വൈകിട്ട് 5ന് മതിലകം സെന്ററിൽ നിന്ന് കളരിപറമ്പിലേക്ക് സാംസ്‌കാരിക ഘോഷയാത്ര സംഘടിപ്പിക്കും. വാർത്താ സമ്മേളനത്തിൽ എം.എൽ.എയോടൊപ്പം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.കെ. ഗിരിജ, സീനത്ത് ബഷീർ, എം.കെ. പ്രേമാനന്ദൻ, എം.എസ്. ദിലീപ് എന്നിവർ പങ്കെടുത്തു.