 
തളിക്കുളം പഞ്ചായത്ത് നടപ്പിലാക്കുന്ന മിനി കുടിവെള്ള പദ്ധതി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ് മാസ്റ്റർ ഉദ്ഘാടനം ചെയ്യുന്നു.
തളിക്കുളത്ത് മിനി കുടിവെള്ള പദ്ധതി യാഥാർത്ഥ്യമാകുന്നു
തളിക്കുളം: പഞ്ചായത്ത് നടപ്പിലാക്കുന്ന നാല്, അഞ്ച് വാർഡുകളിലേക്കായുള്ള മിനി കുടിവെള്ള പദ്ധതി നാടിന് സമർപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ് മാസ്റ്റർ പദ്ധതി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് പി.ഐ. സജിത അദ്ധ്യക്ഷയായി. തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സി. പ്രസാദ്, ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.എം. അഹമ്മദ് എന്നിവർ മുഖ്യാതിഥികളായി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ. അനിത ടീച്ചർ, എം.കെ. ബാബു, എ.എം. മെഹബൂബ്, ബുഷറ അബ്ദുൾ നാസർ, അമ്മുക്കുട്ടി, ശാരി, ലിന്റ സുഭാഷ്ചന്ദ്രൻ, ഷീജ രാമചന്ദ്രൻ എന്നിവർ സംസാരിച്ചു.
കാലങ്ങളായി കുടിവെള്ള പ്രശ്‌നം നേരിടുന്ന പ്രദേശമാണ് നാല്, അഞ്ച് വാർഡുകളായ പുളിയംതുരുത്ത്, കലാഞ്ഞി പ്രദേശങ്ങൾ. വാട്ടർ അതോറിറ്റിയുടെ പൊതുടാപ്പുകളിലെ വെള്ളത്തെയാണ് ഈ പ്രദേശത്തെ ജനങ്ങൾ കൂടുതലായും ആശ്രയിക്കുന്നത്. എന്നാൽ വാട്ടർ അതോറിറ്റിയുടെ വെള്ളം കൃത്യമായി ലഭ്യമല്ലാത്ത സാഹചര്യമാണ് ഇപ്പോഴുള്ളത്. പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ പ്രദേശത്തെ കുടിവെള്ള പ്രശ്നത്തിന് പരിഹാരമാകുമെന്ന പ്രതീക്ഷയിലാണ് പൊതുജനങ്ങൾ.
കുടിവെള്ള പദ്ധതി ഇങ്ങനെ
പഞ്ചായത്ത് തനത് കുടിവെള്ള പദ്ധതികളിലൊന്നായ പുതുക്കുളത്തെ കിണർ ഉപയോഗപ്പെടുത്തി കിണറ്റിലെ വെള്ളം ശുദ്ധീകരിച്ച് പുളിയംതുരുത്ത്, കലാഞ്ഞി പ്രദേശങ്ങളിലേക്ക് പൊതുടാപ്പുകൾ സ്ഥാപിച്ച് വെള്ളം നൽകുന്ന പദ്ധതിയാണ് നടപ്പിലാക്കിയിട്ടുള്ളത്. ബ്ലോക്ക് പഞ്ചായത്ത് വിഹിതം അഞ്ച് ലക്ഷം രൂപ ഉൾപ്പെടുത്തി 38.61 ലക്ഷം രൂപയാണ് പദ്ധതിയ്ക്കായി ചെലവഴിച്ചത്. കുടിവെള്ള പദ്ധതിക്കായി ഉപയോഗപ്പെടുത്തുന്ന കിണറിന് സമീപത്തായി വാട്ടർ ടാങ്ക് പണിയുന്നതിന് 9 ലക്ഷം രൂപ ബ്ലോക്ക് പഞ്ചായത്ത് വിഹിതവും, 12 ലക്ഷം രൂപ പഞ്ചായത്ത് വിഹിതവും ഉൾപ്പെടുത്തി 21 ലക്ഷം രൂപ ജല അതോറിറ്റിയിൽ ഡെപ്പോസിറ്റ് ചെയ്തിട്ടുണ്ട്. കൂടാതെ നഗര സഞ്ജയ പദ്ധതിപ്രകാരം നാല്, അഞ്ച് വാർഡുകളിലെ എല്ലാ പ്രദേശങ്ങളിലേക്കും പൈപ്പിടുന്നതിന് 40 ലക്ഷം രൂപയും അനുവദിച്ചു.