കൊടുങ്ങല്ലൂർ: ഭരണി മഹോത്സവത്തോടനുബന്ധിച്ച് ഇന്നുമുതൽ മൂന്നാം തീയതി വരെ നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ഗുരുവായൂർ ഭാഗത്തു നിന്നും എറണാകുളം ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങളും എറണാകുളം ഭാഗത്തുനിന്നും ഗുരുവായൂർ ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങളും നഗരത്തിൽ പ്രവേശിക്കാതെ ബൈപാസ് റോഡ് വഴി പോകേണ്ടതാണ്. ഇന്നും നാളെയും രാവിലെ 8 മുതൽ മൂന്നാം തീയതി വൈകിട്ട് 6 വരെ തൃശ്ശൂർ ഭാഗത്തു നിന്നും എറണാകുളം ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ വെള്ളാങ്ങല്ലൂർ കോണത്തുകുന്ന് തിരിഞ്ഞ് എസ്.എൻ പുരം, കോതപറമ്പ്, ചന്തപ്പുര, കോട്ടപ്പുറം വഴിയും, എറണാകുളം ഭാഗത്തു നിന്ന് തൃശൂർ ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ കോട്ടപ്പുറം, ചന്തപ്പുര, എസ്.എൻ പുരം, കോണത്തുകുന്ന് വഴിയും പോകേണ്ടതാണ്. ഏപ്രിൽ ഒന്ന് രണ്ട് മൂന്ന് തീയതികളിൽ എറണാകുളം, ഗുരുവായൂർ, പറവൂർ, മാള, മുനമ്പം, അഴീക്കോട്, കാര ഭാഗത്തുനിന്നും കൊടുങ്ങല്ലൂരിലേക്ക് വരുന്ന സ്വകാര്യ ബസുകൾ നഗരത്തിൽ പ്രവേശിക്കാതെ ബൈപാസ് റോഡ് വഴി ബസ് സ്റ്റാൻഡിൽ പ്രവേശിച്ച അതേ വഴി തന്നെ തിരികെ പോകേണ്ടതാണ്. ഗുരുവായൂർ ഭാഗത്തു നിന്നും വരുന്നതും കൊടുങ്ങല്ലൂരിൽ യാത്ര അവസാനിപ്പിക്കുന്നതുമായ സ്വകാര്യ ബസുകൾ ചന്തപുരയിൽ നിന്നും ബസ് സ്റ്റാൻഡിൽ പ്രവേശിക്കേണ്ടതാണ്. മാള, ചാലക്കുടി എന്നിവിടങ്ങളിൽനിന്നും നാരായണമംഗലം വഴി കൊടുങ്ങല്ലൂരിലേക്ക് വരുന്ന സ്വകാര്യ ബസുകൾ ടെസ്റ്റ് ബസ് സ്റ്റാൻഡിൽ തെക്ക് ഭാഗത്തു നിന്നും വരുന്ന സ്വകാര്യ ബസുകൾ കാവിൽ കടവിലുള്ള പുതിയ ബസ് സ്റ്റാൻഡിൽ യാത്ര അവസാനിപ്പിക്കേണ്ടതാണ്.