
തൃപ്രയാർ: ചലച്ചിത്ര മേളകൾക്ക് വലിയ ദൗത്യം നിർവഹിക്കാനുണ്ടെന്ന് ചലച്ചിത്ര സംവിധായകൻ ജയരാജ്. തൃപ്രയാർ അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ഉദ്ഘാടനം ഓൺലൈനായി നിർവഹിക്കുകയായിരുന്നു അദ്ദേഹം. ചലച്ചിത്ര മേളയിൽ പങ്കെടുത്തതിന് ശേഷമാണ് സംവിധായകനാകുന്നത് തന്റെ ജീവിത ലക്ഷ്യമെന്ന് തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു. ചലച്ചിത്ര മേളയുടെ സ്വഭാവത്തിൽ വരുന്ന മാറ്റങ്ങളുടെ പ്രതിഫലനമാണ് തന്നെ ഫെസ്റ്റിവൽ ഡയറക്ടറായി തിരഞ്ഞെടുത്തതിന് പിന്നിലുള്ളതെന്ന് ഫെസ്റ്റിവൽ ഡയറക്ടർ ജോളി ചിറയത്ത് പറഞ്ഞു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ ഡേവിസ് മാസ്റ്റർ ഫെസ്റ്റിവൽ ബുക്ക് പ്രകാശനം ചെയ്തു. അസോസിയേറ്റ് ഡയറക്ടർ ഐ.ഡി രഞ്ജിത്ത് ആദ്യപ്രതി ഏറ്റുവാങ്ങി. ജില്ലാ പഞ്ചായത്ത് അംഗം മഞ്ജുള അരുണൻ, ടി.എൽ സന്തോഷ്, മോചിത മോഹനൻ, കെ.എസ് സുഷിൽ, എ.വി പ്രദീപ് ലാൽ, വി.ആർ പ്രഭ എന്നിവർ സംസാരിച്ചു. ഇറാനിയൻ സിനിമ 'ദേർ ഈസ് നോ ഈവിൾ' ആയിരുന്നു ഉദ്ഘാടന ചിത്രം. ആരവം, എനതർ റൗണ്ട്, ഹ്രസ്വചിത്രമായ എറ്റേണൽ റിക്കറൻസ് എന്നിവ ആദ്യ ദിനത്തിൽ പ്രദർശിപ്പിച്ചു. ഷോർട്ട് ഫിലിം ഡയറക്ടർ അജ്മൽ ഹംസയുമായുള്ള മുഖാമുഖവും നടന്നു. രണ്ടാം ദിവസമായ ഇന്ന് തിങ്കളാഴ്ച നിശ്ചയം, ദി ഫാദർ, റിക്ടർ സ്‌കെയിൽ 7.6, തിരുവനന്തപുരം മേളയിൽ ഓഡിയൻസ് അവാർഡ് നേടിയ ആവാസവ്യൂഹം എന്നീ സിനിമകളും ഓർമകൾ ഉപ്പിലിട്ടത്, കർക്കിടക വറു എന്നീ ഹ്രസ്വ ചിത്രങ്ങളും പ്രദർശിപ്പിക്കും. തൃപ്രയാർ ശ്രീരാമ തിയേറ്ററിലാണ് മേള നടക്കുന്നത്.