
തൃശൂർ: കോർപ്പറേഷൻ സാമ്പത്തികസ്ഥിതിയെക്കുറിച്ച് ധവളപത്രം പുറപ്പെടുവിക്കണമെന്ന് പ്രതിപക്ഷനേതാവ് രാജൻ ജെ. പല്ലൻ. ലഭിക്കുന്ന തുക എങ്ങോട്ടു പോകുന്നുവെന്ന് വ്യക്തമാക്കാൻ ഇത് അനിവാര്യമാണെന്ന് ബഡ്ജറ്റ് ചർച്ചയിൽ പങ്കെടുക്കവേ അദ്ദേഹം ചൂണ്ടിക്കാട്ടി. ഇടതുഭരണം സാമ്പത്തികമായി പാപ്പരാക്കി. ബഡ്ജറ്റ് ബഡായി ബഡ്ജറ്റാണ്. 100 കോടി രൂപ അധികപലിശയ്ക്ക് എടുക്കാൻ പോകുന്നത് ഇതിന്റെ തെളിവാണ്.
വരുമാനം പെരുപ്പിച്ചു കാട്ടിയാണ് ബഡ്ജറ്റ് തയ്യാറാക്കിയതെന്നും ജനകീയ ഓഡിറ്റ് വേണമെന്നും ജോൺ ഡാനിയൽ ആവശ്യപ്പെട്ടു. ഓൺലൈനിൽ നികുതി അടയ്ക്കാനുള്ള സൗകര്യം പോലും ഇല്ല. കുടിവെള്ളത്തിനു പകരം കലക്കവെള്ളമാണ് ഇപ്പോഴും ലഭിക്കുന്നത്. ഓണാഘോഷത്തോടനുബന്ധിച്ച പുലിക്കളിക്കും കുമ്മാട്ടിക്കും വകയിരുത്താത്തത് അവഗണനയാണെന്നും ജോൺ പറഞ്ഞു.
ബഡ്ജറ്റ് ഭാവനാപൂർണമാണെന്നും മികവുറ്റതാണെന്നും ഭരണപക്ഷം വാദിച്ചു. കോൺഗ്രസാണ് ജനങ്ങളെ തെറ്റിധരിപ്പിക്കുന്നത്. കഴിഞ്ഞദിവസമുണ്ടായ പ്രശ്നങ്ങൾ എന്തിന്റെ പേരിലായിരുന്നുവെന്നും ചർച്ചകൾക്കു തുടക്കമിട്ട ഐ.സതീഷ്കുമാർ ചോദിച്ചു. പരിമിതികൾക്കുള്ളിൽ നിന്നു പരമാവധി നല്ലരീതിയിൽ ബഡ്ജറ്റ് അവതരിപ്പിച്ചതായി പി.കെ. ഷാജൻ വിശദീകരിച്ചു. ബഡ്ജറ്റിനെ മുഖംനോക്കാതെ വിമർശിക്കുന്നത് ശരിയല്ലെന്ന് ബീന മുരളി പറഞ്ഞു. എം.ജി. റോഡ് വികസനത്തിനുള്ള പണികൾ 75 ശതമാനം പൂർത്തിയായെന്ന് ഷീബ ബാബു ചൂണ്ടിക്കാട്ടി. അപഹാസ്യ ബഡ്ജറ്റ് എന്ന് ബി.ജെ.പി കുറ്റപ്പെടുത്തി. കഴിഞ്ഞ ബഡ്ജറ്റ്കളിൽ തനിയാവർത്തനം മാത്രമാണ് ഇപ്പോഴും നടന്നിട്ടുള്ളത്. അമൃത് നഗരം പദ്ധതിയുടെ അടിസ്ഥാന വികസനത്തിനായി ലഭിച്ചിട്ടുള്ള തുകയുടെ കാലാവധി തീർന്നപ്പോൾ 50 ശതമാനം മാത്രം ചെലവഴിക്കാൻ സാധിച്ചത് ഭരണസമിതിയുടെ കഴിവുകേടാണെന്നും 100 കോടിയിലധികം രൂപ ചെലവഴിച്ചിട്ടും നഗരത്തിൽ ശുദ്ധജലം കുടിക്കാൻ ഞാൻ ലഭ്യമാക്കാൻ പോലും സാധിക്കാത്തത് ഇത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും എന്നും വിനോദ് പൊള്ളഞ്ചേരി പറഞ്ഞു
മേയർ എം.കെ. വർഗീസ് ഇന്നലെ ഇടതുകൈയിൽ ആം പൗച്ച് സ്ലിംഗ് ധരിച്ചാണ് യോഗത്തിനെത്തിയത്. കഴിഞ്ഞദിവസം ബഹളത്തിനിടെ കൈയിൽ പേശീവേദന അനുഭവപ്പെട്ടതിനെ തുടർന്നാണിതെന്ന് മേയർ ആമുഖമായി പറഞ്ഞു. കൈയിൽ മുമ്പു പരുക്കുണ്ടായിരുന്നുവെന്നും മേയർ പറഞ്ഞു.