ktr

കാട്ടാക്കട: പട്ടികവർഗ വിദ്യാർത്ഥികൾക്ക് തലസ്ഥാന ജില്ലയിലെ അഗസ്ത്യവനത്തിലെ വാലിപ്പാറയിൽ അനുവദിച്ച മോഡൽ റസിഡൻഷ്യൽ സ്കൂളിന്റെ നിർമ്മാണ സാദ്ധ്യത മങ്ങുന്നു. മന്ദിരം യാഥാർത്ഥ്യമാക്കാനായി ആഴ്ചകൾക്ക് മുൻപ് മന്ത്രി കെ.രാധാകൃഷ്ണൻ അഗസ്ത്യവനത്തിലെ വാലിപ്പാറയിൽ നേരിട്ടെത്തി സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നു. എന്നാൽ വനത്തിനുള്ളിൽ ഇത്തരത്തിലുള്ള റസിഡൻഷ്യൽ സ്കൂൾ സ്ഥാപിക്കുന്നതിന് പലർക്കും താത്പര്യമില്ല. വനത്തിനുള്ളിൽത്തന്നെ പട്ടികവർഗ വിദ്യാർത്ഥികൾക്ക് വേണ്ടി സ്കൂൾ നിർമ്മിച്ചാൽ വിദ്യാർത്ഥികളുടെ ഉന്നമനം ഉദ്ദേശിക്കുന്നതുപോലെ ഫലവത്താകില്ലെന്നാണ് ആക്ഷേപം.
2011ൽ യു.ഡി.എഫ് സർക്കാരിന്റെ കാലത്താണ് പട്ടികവർഗ വിദ്യാർത്ഥികൾക്കായി ഒരു മോഡൽ റസിഡൻഷ്യൽ സ്‌കൂൾ കോട്ടൂർ കേന്ദ്രമാക്കി അനുവദിച്ചത്. എന്നാൽ വനത്തിന് പുറത്തായി പട്ടികവർഗ വിദ്യാർത്ഥികൾക്ക് തലസ്ഥാന ജില്ലയിൽ റസിഡൻഷ്യൽ സ്കൂൾ ഒരുക്കണമെന്നാണ് ആദിവാസികൾ ആവശ്യപ്പെടുന്നത്. നിർദ്ദിഷ്ട വാലിപ്പാറ മോഡൽ റസിഡൻഷ്യൽ സ്കൂൾ സ്ഥലത്തേക്ക് എത്തുന്നതിന് നിലവിൽ യാത്രാസൗകര്യമില്ല. കോട്ടൂരിൽ നിന്ന് വനത്തിലൂടെ അഞ്ച് കിലോമീറ്ററോളം ദൂരം ദുർഘടം പിടിച്ച റോഡാണ്. സ്കൂൾ ആരംഭിച്ചുകഴിഞ്ഞാൽ ഇതൊക്കെ വലിയ വെല്ലുവിളി ഉയർത്തുമെന്നാണ് ആക്ഷേപം. വനാവകാശ നിയമനുസരിച്ച് വനത്തിനുള്ളിലെ റോഡുകൾ ആധുനികവത്കരിക്കുന്നതിനും തടസമുണ്ട്. വേണ്ടത്ര ആശുപത്രി സൗകര്യമില്ലായ്മയും പഞ്ചായത്തിലുണ്ട്. ഈ പശ്ചാത്തലത്തിൽ റസിഡൻഷ്യൽ സ്കൂളിൽ നിന്ന് അടിയന്തര സാഹചര്യത്തിൽ പുറം നാട്ടിലെത്താൻ വളരെയേറെ വെല്ലുവിളിയുണ്ടാകും.

വർഷങ്ങളുടെ മുറവിളിക്കൊടുവിലാണ് കുറ്റിച്ചൽ ഗ്രാമപഞ്ചായത്തിലെ കോട്ടൂർ വനത്തിലെ വാലിപ്പാറയിൽ ജി.കാർത്തികേയൻ മെമ്മോറിയൽ മോഡൽ റസിഡൻഷ്യൽ സ്കൂൾ അനുവദിക്കുന്നത്. ഇതിനായി വനം വകുപ്പ് രണ്ടര ഏക്കർ ഭൂമി കൈമാറി.ഇവിടെ കെട്ടിടം പണിയാൻ 27.30 കോടി രൂപ കിഫ്ബിയിൽ നിന്ന് അനുവദിക്കുകയും ഭൂമിയിലെ മരങ്ങൾ മുറിച്ചുനീക്കുകയും ചെയ്തിരുന്നു.

ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ഹോസ്റ്റലുകൾ, അദ്ധ്യാപകർക്കുള്ള താമസസ്ഥലം, ക്ലാസ് മുറികൾ, കോൺഫറൻസ് ഹാൾ, സ്കൂൾ, കളിസ്ഥലം, കുട്ടികളുടെ ആരോഗ്യസംരക്ഷണത്തിനുള്ള സംവിധാനകേന്ദ്രം എന്നിവ സജ്ജമാക്കാൻ രണ്ടര ഏക്കർഭൂമി എന്നത് തീർത്തും അപരാപ്തമാണ്. എന്നാൽ കൂടുതൽ ഭൂമി വിട്ടുനൽകുന്നത് വനാവകാശ നിയമപ്രകാരം സാദ്ധ്യമല്ലെന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്.