kaliyoot

ചിറയിൻകീഴ് : ശാർക്കര കാളിയൂട്ടിന്റെ ഏഴാം ദിവസമായ ഇന്ന് തുളളൽപ്പുരയിൽ പുലയർ പുറപ്പാട്. ഈ കഥയുടെ പിന്നിലെ എെതിഹ്യം ഇങ്ങനെ: ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിൽ പ്രതിഷ്ഠ നടത്തിയശേഷം വടക്കോട്ട് യാത്ര തിരിച്ച് വില്വമംഗലത്ത് സ്വാമി ചിറയിൻകീഴ് എത്തി. ഈ സമയം വിശ്രമിക്കാനായി ഇന്ന് ശ്രീകോവിൽ ഇരിക്കുന്ന സ്ഥലത്ത് ഭരണികൾ ഇറക്കിവച്ച് കുറച്ച് ശർക്കര വ്യാപാരികൾ ഇരിക്കുന്നു. ക്ഷേത്രത്തിന്റെ തെക്കുഭാഗത്ത് ഒരു ബാലികയുടെ രൂപത്തിൽ മണലുംകൂട്ടി കളിച്ചുകൊണ്ടിരുന്ന ദേവി വില്വമംഗലത്തെ കണ്ടയുടൻ വ്യാപാരികളുടെ ശർക്കര പാനയിലൊളിച്ചു. ഈ പാനയിൽ ദേവീചൈതന്യമുണ്ടെന്ന് മനസ്സിലാക്കിയ വില്വമംഗലം ദേവിയെ ഇവിടെ പ്രതിഷ്ഠ നടത്തിയാൽ ഈ പ്രദേശത്തിനുചുറ്റും അഭിവൃദ്ധിയും പ്രശസ്തിയും ഉണ്ടാകുമെന്ന് അറിയിക്കുകയും തുടർന്ന് പ്രതിഷ്ഠ നടത്തുകയും ചെയ്യുന്നു. ഇതാണ് ഇന്നത്തെ ശാർക്കര ദേവി.

ദേവി ഒരു പുലയസ്ത്രീയുടെ വേഷത്തിൽ തുള്ളൽപ്പുരയിൽ പ്രത്യക്ഷപ്പെടുന്നുവെന്ന സങ്കൽപ്പത്തിൽ ദേവിയുടെ വേഷത്തിൽ രൂപം കെട്ടി ആടിയ ശേഷമാണ് പുലയർ പുറപ്പാട് അരങ്ങേറുന്നത്. പുലയർക്കൊപ്പം ഇത്രനാളും കളിപറഞ്ഞിരുന്നവൾ അപ്രത്യക്ഷമായത് അവർക്കിഷ്ടമായില്ല. അസഭ്യവർഷം ചൊരിഞ്ഞ് ദേവിയെ ശകാരിക്കുന്നതാണ് ഇന്നത്തെ കഥയിലെ തന്തു. കഥാപാത്രങ്ങളുടെ എണ്ണക്കൂടുതൽ കൊണ്ടും ഇന്നത്തെ രംഗം ഏറെ ശ്രദ്ധേയമാണ്. പുലയർ പുറപ്പാടിനുശേഷം മുക്കണ്ണനും രണ്ട് സ്ത്രീവേഷവും വരുന്നു. തുടർന്ന് വരുന്ന കള്ളുകുടിയൻ പുറപ്പാടിൽ ശിവൻ മകളായ ഭദ്രകാളിയെ കുടിയന്റെ വേഷത്തിൽ വന്ന് കഥകൾ പറഞ്ഞ് രസിപ്പിക്കുന്നതാണ് പരാമർശം. അതിനുശേഷം ഒരു പരദേശി ബ്രാഹ്മണൻ പലദിക്കിലും പോയി അവസാനം തുള്ളൽ പുരയിലെത്തി താൻ സഞ്ചരിച്ച വഴിയിലെ അനുഭവങ്ങൾ വിളിച്ചോതുന്ന ബ്രാഹ്മണ പുറപ്പാട്. തുടർന്ന് നാരദരുടെ സാന്നിദ്ധ്യത്തിൽ നടക്കുന്ന സുബ്രഹ്മണ്യ -വള്ളി പരിണയം എന്നിവയും ഇന്നത്തെ കഥയിൽ അരങ്ങേറും.