kaliyoot

ചിറയിൻകീഴ്: ശാർക്കര കാളിയൂട്ടിന്റെ എട്ടാം ദിനമായ ഇന്ന് (വ്യാഴം) പ്രധാന ചടങ്ങ് മുടിയുഴിച്ചിൽ. ഏഴാം ദിവസം വരെയുള്ള ചടങ്ങുകൾ ക്ഷേത്രത്തിന് തെക്ക് വശത്തുള്ള തുള്ളൽപ്പുരയിലാണ് നടന്നതെങ്കിൽ ഇന്നത്തെ ചടങ്ങ് ക്ഷേത്രപ്പറമ്പിലും സമീപപ്രദേശങ്ങളിലുമാണ്. മുൻ ദിവസങ്ങളിലെ ചടങ്ങുകൾ അത്താഴശീവേലി കഴിഞ്ഞാണ് നടന്നതെങ്കിൽ ഇന്നത്തെ ചടങ്ങ് വൈകിട്ട് നാലര മണിയോടെ ആരംഭിക്കും. ക്ഷേത്രത്തിന് 4 കിലോമീറ്റർ ചുറ്റളവുവരെ മുടിയുഴിച്ചിലിന് വേദിയാകും.

ദാരികനിഗ്രഹം ആസന്നമായ സ്ഥിതിക്ക് ദാരികനെ തേടി ദേവി നാനാ ദിക്കുകളിലേക്കും സഞ്ചരിക്കുന്നു. ദാരികൻ ഒളിച്ചു കഴിയാൻ സാദ്ധ്യതയുള്ള സ്ഥലങ്ങളും ദാരികന്റെ ദൗർബല്യങ്ങളും മനസ്സിലാക്കുക എന്ന ഉദ്ദേശ്യവും ഇതിന്റെ പിന്നിൽ ഉള്ളതായി പഴമക്കാർ പറയുന്നു. ദാരികനെ തേടി ഭദ്രകാളി തെക്കേ ദിക്കിലേക്കും, ദുർഗ്ഗാദേവി വടക്കേ ദിക്കിലേക്കുമാണ് യാത്രയാകുന്നത്. ഈ യാത്രയെക്കുറിച്ച് മറ്റൊരു അഭിപ്രായവും പറഞ്ഞുകേൾക്കുന്നുണ്ട്. വർഷത്തിലെ മുന്നൂറ്റി അറുപത്തിയഞ്ചേകാൽ ദിവസവും ഭക്തജനങ്ങൾ ദേവിയെ ക്ഷേത്രത്തിൽ പോയിക്കണ്ട് അനുഗ്രഹം വാങ്ങുന്നു. അതിന് പ്രത്യുപകാരമായി വർഷത്തിൽ ഒരു ദിവസം ഭക്തജനങ്ങളുടെ ഗൃഹങ്ങളുടെ ഭാഗത്തുകൂടി സഞ്ചരിച്ച് ഭക്തർക്ക് അനുഗ്രഹങ്ങൾ നൽകാനാണ് ഈ യാത്രയെന്നും പഴമൊഴിയുണ്ട്. സർവ്വാഭരണവിഭൂഷിതയായി നാഗക്കെട്ട് കൊത്തിയ മുടിയും ചൂടി ഉറഞ്ഞുതുള്ളി എത്തുന്ന ദേവിമാരെ നിറപറയും നിലവിളക്കും വായ്ക്കുരവയുമായി കരക്കാർ ഭക്ത്യാദരവോടെ എതിരേൽക്കും.
. മുൻ രംഗങ്ങളിൽ നിന്ന് തികച്ചും വ്യത്യസ്തമായി ക്ഷേത്രപ്പറമ്പിലെ വൻജനാവലിയുടെ സാന്നിദ്ധ്യത്തിലാണ് മുടിയുഴിച്ചിൽ ചടങ്ങ്. മുടിയുഴിച്ചിലിന്റെ ഭാഗമായി നടക്കുന്ന വിത്ത് (നെല്ല്) എറിയൽ ചടങ്ങ് കാണാനും വിത്ത് പിടിക്കാനുമായി നാടിന്റെ നാനാഭാഗത്തുനിന്നും ഭക്തർ ശാർക്കരയിൽ എത്തും. രോഗങ്ങളിൽ നിന്നു മുക്തരായി സമ്പത്തും പ്രതാപവും കൈവരുമെന്ന വിശ്വാസത്തിൽ ദേവിമാർ എറിയുന്ന വിത്ത് തറയിൽ വീഴാതെ ഭക്തജനങ്ങൾ പിടിച്ച് ഭവനങ്ങളിൽ കൊണ്ടുപോയി സൂക്ഷിച്ചുവയ്ക്കും.