ആറ്റിങ്ങൽ: അറ്റിങ്ങൽ കെ.എസ്.ഇ.ബി ഡിവിഷൻ ഓഫീസിന് ഇലക്ട്രിസിറ്റി ഓഫീസുകളിൽ വൈദ്യുത പോസ്റ്റുകൾക്ക് ക്ഷാമം. ഉപഭോക്താക്കൾ വൈദ്യുത കണക്‌ഷന് വേണ്ടി പോസ്റ്റുകൾക്ക് തുക അടച്ച് മാസങ്ങൾ കഴിഞ്ഞിട്ടും പോസ്റ്റുകൾ ലഭ്യമല്ലാത്തതിനാൽ കണക്‌ഷനുകൾ കൊടുക്കാൻ സാധിക്കുന്നില്ല. 8 മീറ്ററുള്ള ഒരു പോസ്റ്റിന് 17000 രൂപയടച്ച് രണ്ട് മാസം കഴിഞ്ഞിട്ടും ഇലട്രിസിറ്റി കണക്‌ഷൻ ലഭിച്ചില്ലെന്ന് നിരവധിപേർ പരാതി നൽകിയിട്ടുണ്ട്. ഗാർഹിക ആവശ്യങ്ങൾക്ക് കൂടാതെ കാർഷിക വ്യാവസായിക ആവശ്യങ്ങൾക്ക് വൈദ്യുത കണക്ഷന് അപേക്ഷ നൽകി കാത്തിരിക്കുന്നവരും നിരവധിയാണ്.

കാർഷിക വ്യാവസായിക വകുപ്പുകളുടെ വിവിധ സ്കീമുകൾക്ക് വേണ്ടി വൈദ്യുത പോസ്റ്റുകൾക്ക് തുക അടച്ചവർക്ക് മാർച്ച് മാസത്തിന് മുൻപ് കണക്ഷൻ നൽകാൻ കഴിഞ്ഞില്ലെങ്കിൽ ഉപഭോക്താവിന് സബ്സിഡിയും വകുപ്പുകൾക്ക് അവരുടെ സ്കീമുകൾ നടപ്പിലാക്കാൻ സാധിക്കാത്തതിലൂടെ സർക്കാർ അനുവദിച്ച ഫണ്ടുകൾ ലാപ്സായി പോകുകയും ചെയ്യും. വൈദ്യുത പോസ്റ്റുകളുടെ ക്ഷാമം പരിഹരിക്കാൻ കാർഷിക വ്യാവസായിക വകുപ്പ് മന്ത്രിമാരുടെ സഹായം അഭ്യർത്ഥിച്ച് നിവേദനം നൽകി കാത്തിരിക്കുകയാണ് ഉപഭോക്താക്കൾ.