കല്ലമ്പലം: വിദ്യാർത്ഥികൾക്കിടയിൽ നവീനതയുടെ പുതിയ സംസ്കാരം എന്ന ലക്ഷ്യത്തോടുകൂടി കെ.ഡിസ്കിന്റെ നേതൃത്വത്തിൽ കേരള സർക്കാർ ആരംഭിച്ച പ്രോഗ്രാമാണ് യങ് ഇന്നൊവേറ്റേഴ്സ് പ്രോഗ്രാം. കെ.ടി.സി.ടി ഹയർ സെക്കൻഡറി സ്കൂളിൽ സയൻസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ എൺപതിലധികം കുട്ടികൾ വൈ.ഐ.പിയിൽ പ്രി രജിസ്ട്രേഷൻ നേടുകയും മുപ്പതിലധികം കുട്ടികൾ ഓൺലൈനായി വോയ്സ് ഒഫ് കസ്റ്റമർ ട്രെയിനിംഗ് പൂർത്തിയാക്കി സർട്ടിഫിക്കറ്റ് കരസ്ഥമാക്കുകയും ചെയ്തു. വി.ഒ.സി കരസ്ഥമാക്കിയ എല്ലാ വിദ്യാർത്ഥികളും സയൻസ് ക്ലബിന്റെ സഹായത്തോടുകൂടി നൂതന ആശയങ്ങൾ ചർച്ചചെയ്യുകയും അദ്ധ്യാപകരുടെ നിർദ്ദേശപ്രകാരം ഗ്രൂപ്പ് പ്രവർത്തനങ്ങൾ ആരംഭിക്കുകയും ചെയ്തു. അഞ്ച് പേരടങ്ങുന്ന ഒരു ഗ്രൂപ്പിന്റെ പ്രവർത്തനം വൈ.ഐ.പി.എൽ രജിസ്റ്റർ ചെയ്തു. ഇരുപത്തഞ്ചിലധികം കുട്ടികൾ നൂതന ആശയങ്ങളുമായി സജീവമായി പങ്കെടുത്തു. കെ.ടി.സി.ടി ഹയർസെക്കൻഡറി സ്കൂൾ സീനിയർ പ്രിൻസിപ്പൽ എസ്. സഞ്ജീവ്, എച്ച്. എസ് പ്രിൻസിപ്പൽ എം.എൻ. മീര, പ്രോഗ്രാം കോഡിനേറ്റർ എം.ഹസീന, സയൻസ് ക്ലബ് അദ്ധ്യാപകർ തുടങ്ങിയവർ നേതൃത്വം നൽകി.