kulam

നെയ്യാറ്റിൻകര: നഗരസഭയിലെ അത്താഴമംഗലം വാർഡിലെ അത്താഴമംഗലം കുളം നവീകരണം ആരംഭിച്ചു. വർഷങ്ങളായി കാടും പടർപ്പും കയറി ഉപയോഗശൂന്യമായിരുന്ന കുളത്തെയാണ് ജനങ്ങളുടെ നിരന്തര ആവശ്യത്തെ തുടർന്ന് നവീകരിക്കാൻ നഗരസഭ തയ്യാറായത്. വർഷങ്ങൾക്ക് മുമ്പ് ഒരു പ്രദേശത്തിന്റെയാകെ ജലസ്രോതസ്സായിരുന്ന കുളമായിരുന്നു ഇത്. കുളക്കാനും തുണി അലക്കാനും കന്നുകാലികളുടെ ആവശ്യത്തിനും ഇവിടത്തെ ജലമായിരുന്നു പ്രദേശവാസികൾ ഉപയോഗിച്ചിരുന്നത്. ഒരു കൂട്ടം ചെറുപ്പക്കാ‌ർ നീന്തൽ പഠിക്കാനും ആശ്രയിച്ചിരുന്നതും സമീപത്തെ ഏലാകളിലെ കൃഷിക്ക് ഉപയോഗിച്ചിരുന്നതും ഈ കുളത്തിലെ വെള്ളമായിരുന്നു. എന്നാൽ കാലാകാലങ്ങളിൽ കുളത്തിലെ പായലും ചെളിയും മാറ്റി ശുചിയാക്കത്തതിനെ തുടർന്ന് കുളത്തിൽ ചപ്പും ചവറും പായലും അടിഞ്ഞ് ജലമൂറ്റ് കുറഞ്ഞ് ചതുപ്പ് നിലമായി മാറുകയായിരുന്നു. കുളത്തിൽ ഊറ്ര് കുറഞ്ഞതോടെ സമീപത്തെ കിണറുകളിലെ ജലനിരപ്പ് താഴുകയും ജലക്ഷാമത്തിനിടയാവുകയും ചെയ്തു. തുടർന്ന് പ്രദേശവാസികളുടെ നിരന്തര പരാതികളെ തുടർന്നാണ് 15 ലക്ഷം രൂപ ചെലവിൽ കുളം നവീകരിക്കാൻ നഗരസഭ നടപടി തുടങ്ങിയത്. പ്രാരംഭഘട്ടമെന്ന നിലയിൽ കുളത്തിന്റെ വശങ്ങൾ വൃത്തിയാക്കി ചെളിയും പായലും കോരിമാറ്റുകയാണ് ചെയ്യുന്നത്. ഒരു മാസത്തിനുള്ളിൽ കുളം നവീകരിച്ച് ജനങ്ങൾക്ക് ഉപയോഗ യോഗ്യമാക്കുമെന്ന് വാർഡ് കൗൺസിലർ കെ.കെ. ഷിബു അറിയിച്ചു.