1

വിഴിഞ്ഞം: കോവളം ബൈപാസ് റോഡിന്റെ കോവളം ജംക്ഷനും കല്ലുവെട്ടാൻകുഴിക്കും ഇടയ്ക്കുള്ള സർവീസ് റോഡ് അപകടക്കെണിയാകുന്നു. പോറോട് പാലത്തിനു സമീപം സർവീസ് റോഡും ബൈപാസും തമ്മിൽ ചേരുന്നഭാഗത്തു തുടർച്ചയായി അപകടങ്ങൾ നടക്കുന്നു. കോവളം ജംഗ്ഷന് സമീപം ബൈപാസ് റോഡ് അടച്ചിരിക്കുന്നതിനാൽ ബൈപാസ് റോഡിൽ നിന്ന് വരുന്നവാഹനങ്ങൾ ഇവിടെ എത്തിയാണ് സർവീസ് റോഡിൽ കയറുന്നത്. എന്നാൽ ഇവിടെ ടാർ ചെയ്യാത്തതിനാൽ വാഹനങ്ങൾ തെന്നിവീഴുകയാണ്. കുണ്ടും കുഴിയും ആയതിനാൽ വലിയവാഹനങ്ങൾ ഇതുവഴി സഞ്ചരിക്കാൻ ബുദ്ധിമുട്ടും. കാറുകളുടെ അടിഭാഗം തട്ടുന്നതിനാൽ വാഹനങ്ങൾക്കു കേടുപാടുകൾ പറ്റുന്നതായി പരാതിയുണ്ട്. ഇരു വശത്തെയും സർവീസ് റോഡുകളുടെ കയറ്റിറക്ക് ഭാഗമായതിനാൽ ഇവിടെ എത്തുമ്പോൾ വാഹനങ്ങളുടെ നിയന്ത്രണം തെറ്റും. കുടുംബസമേതം എത്തുന്ന നിരവധി ഇരുചക്രവാഹന യാത്രക്കാർക്ക് നിത്യവും വീണു പരുക്കേൽക്കുന്നുണ്ട്. ഈ ഭാഗത്ത് തെരുവുവിളക്കുകളോ മറ്റുകടകളിലെ വെളിച്ചമോ ഇല്ലാത്തത്‌ രാത്രിയിൽ അപകട കൂട്ടുന്നതായും നാട്ടുകാർ പറയുന്നു. മഴക്കാലത്ത് ഇവിടെ വെള്ളകെട്ടുണ്ടാകുന്നതിനാൽ കുഴികളിൽ അകപ്പെടും. ഈ ഭാഗം ടാർ ചെയ്തു ഗതാഗത യോഗ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

ബൈപ്പാസ് റോഡിന്റെ കല്ലുവെട്ടാൻ കുഴി പോറോഡ് ഭാഗത്തെ സർവീസ് റോഡ് നിർമ്മാണവും അനിശ്ചിതത്വത്തിലാണ്. പോറോഡ് ഭാഗത്ത് പാലം നിർമ്മിച്ചാണ് നാലുവരി പാത നനിർമ്മിച്ചത് എന്നാൽ പാലത്തിന്റെ ഇരുവശങ്ങളിലും സർവീസ് റോഡ്നിർമ്മിച്ചില്ല. താത്കാലികമായി സർവീസ് റോഡിനെ നാലുവരിപാതയുമായി ബന്ധിപ്പിച്ചിരിക്കുന്നുവെങ്കിലും നാലുവരിപ്പാത തുറക്കുന്നതോടെ ഇവിടെ അപകടങ്ങൾ വർധിക്കും.