തിരുവനന്തപുരം: കാലത്തിനിണങ്ങുന്ന പുത്തൻ ഡിസൈനുകളുമായി വിപണിയിൽ ട്രെന്റാവാനൊരുങ്ങുകയാണ് ഖാദി ബോർഡ്. വിവാഹവസ്ത്രങ്ങൾ,സാരി,മുണ്ട്,കുർത്ത,ഷർട്ടുകൾ, പാന്റ്സ്, പർദ, കുട്ടികളുടെ വസ്ത്രങ്ങൾ, ചുരിദാർ എന്നിവ പുത്തൻ ഡിസൈനിൽ ലഭിക്കും. അതിനായി സംസ്ഥാനത്തെ 75 താലൂക്കുകളിൽ ആധുനിക ഖാദി ഷോറൂമുകൾ ആരംഭിക്കും. ആദ്യ ആധുനിക ഖാദി ഗ്രാമ സൗഭാഗ്യ ഷോറൂം തിരുവനന്തപുരത്തെ വഞ്ചിയൂരിൽ ഈ മാസം എട്ടിന് ആരംഭിക്കും. പാരമ്പര്യ ഡിസൈനു പുറമേയാണ് പുത്തൻ ഡിസൈനുകൾ ലഭ്യമാക്കുന്നത്.
വില്പനയ്ക്കു പുറമേ,തയ്യൽ,ഓൾട്രേഷൻ എന്നിവയും ഷോറൂമിലുണ്ടാകും. ഉപഭോക്താക്കളുടെ താത്പര്യത്തിന് അനുസരിച്ചുള്ള വസ്ത്രങ്ങൾ ഡിസൈൻ ചെയ്യുന്നതിനുവേണ്ടി ഫാഷൻ സ്റ്റുഡിയോയും ഡിസൈനറും ഉണ്ടാകും. ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഫാഷൻ ടെക്‌നേളോജിയിലെ ഡിസൈനർമാരെയാണ് ഷോറൂമുകളിൽ നിയോഗിക്കുന്നത്. ഖാദി പാന്റ്സിന്റെ വില്പനയും ഷോറൂം വഴി ആരംഭിക്കും. ആലപ്പുഴ കോട്ടയം,പയ്യന്നൂർ,കൊല്ലം എന്നിലവിടങ്ങളിലെ ഖാദി ഫാക്ടറികളിലാണ് വസ്ത്രങ്ങൾ നെയ്യുന്നത്. കർഷകരിൽ നിന്ന് നേരിട്ട് വാങ്ങി വിൽക്കുന്ന തേനും ഇവിടെ ലഭിക്കും. ഖാദി ബോർഡ് നേരിട്ട് എള്ള് വാങ്ങി ആട്ടിയെടുക്കുന്ന എണ്ണ,ഖാദി സോപ്പ്,പേപ്പർ ബാഗ്,ബെഡ്ഷീറ്റ്,ബ്ലാങ്കറ്റ്,ടവൽ എന്നിവയും ഷോറൂമിൽ ലഭിക്കും. മറ്റ് താലൂക്കുകളിൽ സ്ഥലം കണ്ടെത്തി സ്വകാര്യ പങ്കാളിത്തത്തോടെ ഷോറൂമുകൾ ആരംഭിക്കാനാണ് പദ്ധതി.
ചെറുകിട ഉത്പന്നങ്ങൾക്ക് സബ്ഡിടി
ഖാദി ഉത്പന്നങ്ങൾക്കു പുറമേ ഗ്രാമ വ്യവസായത്തിനും ബോർഡ് പ്രോത്സാഹനം നൽകുന്നുണ്ട്. 2022ൽ ഒരു ലക്ഷം പുതിയ സംരംഭങ്ങൾ ആരംഭിക്കണമെന്ന വ്യവസായ വകുപ്പിന്റെ ലക്ഷ്യത്തിന്റെ ഭാഗമായാണിത്. ഇതിലൂടെ 2000 തൊഴിൽ അവരങ്ങൾ സൃഷ്ടിക്കാനാകും. സ്വയം തൊഴിൽ കണ്ടെത്തുന്നതിന്റ ഭാഗമായി നിർമ്മിക്കുന്ന ഉത്പന്നത്തിനു വേണ്ടിയുള്ള മൂലധനത്തിന് 25മുതൽ 40ശതമാനം വരെ സബ്സിടി ഖാദി ബോർഡ് നൽകും. മത്സ്യം,മാംസം, ലഹരി ഉത്പന്നങ്ങൾ ഒഴികെയുള്ള എല്ലാ സ്വയം തൊഴിൽ സംരഭങ്ങൾക്കും സബ്സിഡി ലഭിക്കും. സംരഭകർക്ക് ഖാദിയുടെ ഷോറൂമുകൾ വഴിയും ഉത്പന്നങ്ങൾ വിറ്റഴിക്കാനാകും.
''ഖാദിയെ ശക്തിപ്പെടുത്തുന്നതിനായി ദീർഘവീക്ഷണത്തോടെയുള്ള പരിപാടികളാണ് സർക്കാർ നടപ്പാക്കുന്നത്. ഖാദിയുടെ വിപണനം കൂടുതൽ പ്രോത്സാഹിപ്പിക്കാൻ വേണ്ടിയുള്ള ആധുനിക പദ്ധതികളും ആവിഷ്‌കരിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായാണ് ആധുനിക ഷോറൂമുകൾ ഒരുങ്ങുന്നത്.
- മന്ത്രി പി. രാജീവ്