
ചിറയിൻകീഴ്: അറിവ് പകരുക എന്നതിനപ്പുറം വിദ്യാർത്ഥികളെ മനുഷ്യത്വത്തിലേക്കും നന്മയിലേക്കും നയിക്കുന്നതിനാകണം വിദ്യാഭ്യാസമെന്ന് ശിവഗിരി മഠാധിപതി ബ്രഹ്മശ്രീ സച്ചിദാനന്ദ സ്വാമികൾ പറഞ്ഞു. ചിറയിൻകീഴ് നോബിൾ ഗ്രൂപ്പ് ഒഫ് സ്കൂൾസിന്റെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസ് ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സമകാലിക വിദ്യാഭ്യാസ സമ്പ്രദായങ്ങൾ ലക്ഷ്യങ്ങളിൽ നിന്നകലുകയാണ്. വിവേകശാലികളാക്കുവാനാണ് വിദ്യാഭ്യാസം വേണ്ടത്. ജീവിതവും പഠനവും വ്യത്യസ്തമായ മാർഗങ്ങളിലൂടെയല്ല സഞ്ചരിക്കേണ്ടതെന്ന് ശ്രീനാരായണ ഗുരു തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഓരോ അറിവും അവനവനും അപരനും ഉപകാരപ്പെടുന്നതാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുൻ എം.എൽ.എ ആനത്തലവട്ടം ആനന്ദൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ എം.എൽ.എമാരായ വി.ശശി, ഡി.കെ.മുരളി, ഒ.എസ് അംബിക, വർക്കല നഗരസഭാ ചെയർമാൻ കെ.എം ലാജി, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈലജാ ബീഗം, ജില്ലാ പഞ്ചായത്തംഗം ആർ.സുഭാഷ്, ചിറയിൻകീഴ് ബ്ലോക്ക് പ്രസിഡന്റ് പി.സി.ജയശ്രീ, ചിറയിൻകീഴ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.മുരളി, ശിവരാജ വിജയൻ ഐ.എ.എസ്, തോട്ടയ്ക്കാട് ശശി, ബി.എസ് അനൂപ്, മനോജ്.ബി. ഇടമന, ഡോ.രജിത് കുമാർ, മാനേജേഴ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി മണി കൊല്ലം, വി.എസ്. അജിത് കുമാർ തുടങ്ങിയവർ സംസാരിച്ചു. നോബിൾ ഗ്രൂപ്പ് ഓഫ് സ്കൂൾസ് ചെയർമാൻ പി.സുഭാഷ് ചന്ദ്രൻ സ്വാഗതം പറഞ്ഞു.