
വക്കം: നിലയ്ക്കാമുക്ക് ജംഗ്ഷനിൽ റോഡ് കുറുകേ മുറിച്ച് ഓട നിർമ്മിക്കുന്നതിനാൽ ബസ്‌സ്റ്റോപ്പ് മാറ്റണമെന്ന ആവശ്യം ശക്തം. കടയ്ക്കാവൂർ ഭാഗത്തുനിന്നും, വക്കത്തുനിന്നും വരുന്ന ബസുകൾ നിറുത്താനുള്ള വെയിറ്റിംഗ് ഷെഡിനുമുന്നിലാണ് നിർമ്മാണം നടക്കുന്നത്. കാത്തിരിപ്പ് കേന്ദ്രത്തിന് മുന്നിൽ ബസുകൾ നിറുത്തി യാത്രക്കാരെ കയറ്റുന്നതും ഇറക്കുന്നതും പിന്നാലെ എത്തുന്ന വാഹനങ്ങൾക്ക് ബുദ്ധിമുട്ടാകുന്നു. ചില സമയങ്ങളിൽ വൻ ഗതാഗതക്കുരുക്കിന് കാരണമാവുകയും ചെയ്യുന്നുണ്ട്. നിലവിൽ റോഡിന്റെ പകുതി ഭാഗത്ത് കൂടി മാത്രമാണിപ്പോൾ വാഹന യാത്ര. റോഡിനിരുവശങ്ങളിലും നിരവധി കടകളും റോഡിൽ ചേർന്ന് യു.പി.സ്കുളും പ്രവർത്തിക്കുന്നുണ്ട്. നിലയ്ക്കാമുക്കിലെ ഗതാഗതക്കുരിക്കിന് പരിഹാരം കാണാൻ ബസ്‌സ്റ്റോപ്പ് മാർക്കറ്റിനു സമിപത്തെ കാത്തിരിപ്പ് കേന്ദ്രത്തിന് മുന്നിലാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.