d

തിരുവനന്തപുരം: ടെക്‌നോപാർക്ക് ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന എച്ച് ആൻഡ് ആർ ബ്ലോക്ക് ഇന്ത്യയുടെ നാലാം വാർഷികത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ''ബ്ലോക്ക്സ്'' ഇന്റർ സ്‌കൂൾ ക്വിസ് കോമ്പറ്റീഷനിലെ വിജയികളെ പ്രഖ്യാപിച്ചു.

കേരളത്തിലെ 75ലധികം സ്‌കൂളുകളിലെ 8മുതൽ 10വരെയുള്ള ക്ലാസുകളിലെ വിദ്യാർത്ഥികളാണ് മത്സരത്തിൽ പങ്കെടുത്തത്.

അഞ്ച് റൗണ്ടുകളിലായി നടന്ന മത്സരത്തിൽ അവസാന റൗണ്ടിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അഞ്ച് സ്‌കൂളുകളിൽ നിന്ന് ജി.എം.എച്ച്.എസ്.എസ് കാലിക്കറ്റ് യൂണിവേഴ്സിറ്റി കാമ്പസ് ജേതാക്കളായി. കവടിയാർ ക്രൈസ്റ്റ് നഗർ സെൻട്രൽ സ്‌കൂൾ രണ്ടാം സ്ഥാനവും അമ്പലപ്പുഴ മോഡൽ എച്ച്.എസ്.എസ് മൂന്നാം സ്ഥാനവും നേടി. സി.എച്ച്.എസ്.എസ് ചട്ടഞ്ചാൽ, സെന്റ്. മേരീസ് ഗേൾസ് ഹൈസ്‌കൂൾ പയ്യന്നൂർ എന്നിവയാണ് അവസാന റൗണ്ടിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മറ്റ് സ്‌കൂളുകൾ. ഒന്നാം സ്ഥാനത്തിന് 20,000 രൂപയും സർട്ടിഫിക്കറ്റും രണ്ടാം സ്ഥാനത്തിന് 15,000 രൂപയും സർട്ടിഫിക്കറ്റും മൂന്നാം സ്ഥാനത്തിന് 10,000 രൂപയും സർട്ടിഫിക്കറ്റുമാണ് സമ്മാനമായി നൽകുക.