കൊച്ചി: ജില്ലയിലെ കോണോത്ത് പുഴയുടെ പുനരുദ്ധാരണത്തിന് 26 കോടിയുടെ ഭരണാനുമതി. ജലവിഭവ വകുപ്പാണ് തുക അനുവദിച്ചത്. പുഴയിലെ മാലിന്യങ്ങളും എക്കലും പായലും നീക്കം ചെയ്തു ഇരുവശങ്ങളിലും ബണ്ട് കെട്ടി സംരക്ഷിക്കുന്നതാണ് പദ്ധതി.

ദേശീയ ഹരിത ട്രിബ്യൂണലിന്റെ വിധിയുടെ കൂടി അടിസ്ഥാനത്തിലാണ് പദ്ധതി തയാറാക്കുക. വീതി കുറഞ്ഞ എട്ടു പാലങ്ങളിൽ നാലെണ്ണം നവീകരിക്കാൻ പൊതുമരാമത്ത് വകുപ്പുമായി ചേർന്ന് പദ്ധതി തയാറാക്കും.

പുഴയുടെ ഇരുവശങ്ങളിലുമുള്ള 3,500 ഹെക്ടർ തരിശുഭൂമിയിൽ കൃഷി ഇറക്കും. പുഴയിൽ നിന്നു വാരുന്ന എക്കൽ കൃഷി ആവശ്യങ്ങൾക്കായി ഉപയോഗപ്പെടുത്തും. ഇരുവശങ്ങളിലും വൃഷത്തൈകൾ നട്ട് സംരക്ഷിക്കുക, പുഴയിലേക്ക് വീണ്ടും മാലിന്യങ്ങൾ വരാതിരിക്കാനുള്ള നടപടികൾ, റവന്യൂ അതിർത്തി നിർണയും തുടങ്ങിയവയും പദ്ധതിയിൽ ഉൾപ്പെടും. നാലു പഞ്ചായത്തുകൾക്ക് ഉപകാരപ്രദമാകുന്നതാണ് പുനരുദ്ധാരണ പദ്ധതി.

കൈയേറ്റങ്ങൾ ഏറെയും തൃപ്പൂണിത്തുറയിൽ
നവീകരണത്തിനായുള്ള നടപടികൾ പുരോഗമിക്കവേ കൈയേറ്റങ്ങളേറെയും തൃപ്പൂണിത്തുറ നഗരസഭയിലെന്ന് കണ്ടെത്തിയിരുന്നു. 21 പേർക്ക് നഗരസഭ നോട്ടീസ് നൽകിയിരുന്നു. പൊളിക്കേണ്ടവയിൽ ബഹുനില കെട്ടിടങ്ങളുമുണ്ട്. നാല് നിലയുള്ള ഫ്ളാറ്റും കൈയേറ്റങ്ങളുടെ പട്ടികയിലുണ്ട്. 2021 ആഗസ്റ്റ് അവസാനവാരമാണ് നോട്ടീസ് നൽകിയത്.

കോണോത്തുപുഴ

നീളം - 34 കിലോമീറ്റർ

എസ്റ്റിമേറ്റ് തുക - 20.58 കോടി

നവീകരണം രണ്ടു ഘട്ടങ്ങളിൽ

സർവേ
കൈയേറ്റങ്ങൾ ഒഴിപ്പിക്കൽ

രണ്ടാം ഘട്ടം

പുഴയുടെ സംരക്ഷണത്തിനായുള്ള ദീർഘകാല പദ്ധതികൾ

കടന്നു പോകുന്നത്

തൃപ്പൂണിത്തുറ നഗരസഭ (17,18 വാർഡ്)
ഉദയംപേരൂർ (3,5,6,7,8വാർഡ്)
ആമ്പല്ലൂർ (12,13,14,15,16 വാർഡ)
ചോറ്റാനിക്കര, മുളന്തുരുത്തി എന്നീ പഞ്ചായത്തുകൾ


പ്രദേശത്തെ ജലക്ഷാമം നികത്താനും പുഴയുടെ ഇരുവശങ്ങളിലുമുള്ള ജനങ്ങളുടെ ആരോഗ്യ നിലവാരം ഉയർത്താനും സാധിക്കും
റോഷി അഗസ്റ്റിൻ
ജലവിഭവ വകുപ്പ് മന്ത്രി