paipe-line

പാറശാല: പാറശാലയിൽ വാട്ടർ അതോറിട്ടിയുടെ പൈപ്പുകൾ അടിക്കടി പൊട്ടുന്നതും ദേശീയപാതയിലെ തകർച്ചയും നേരിട്ട് കണ്ട് ബോദ്ധ്യപ്പെടുന്നതിനായി ദേശീയപാത, വാട്ടർ അതോറിട്ടി ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു.

കഴിഞ്ഞ ദിവസം കൊറ്റാമം പെട്രോൾ പമ്പിന് സമീപത്തും ഇന്നലെ പരശുവയ്ക്കൽ ജംഗ്‌ഷനിലും റോഡിന് നടുവിലായി പൈപ്പ് പൊട്ടിയത് സംഘാംഗങ്ങൾ നേരിട്ട് കണ്ട് വിലയിരുത്തിയതിന് പുറമെ ടാർ ഇളകിയത് കാരണം അപകടക്കുഴികളായ പ്രദേശങ്ങളും സന്ദർശിച്ചു.

തുടർന്ന് പാറശാല പഞ്ചായത്ത് കല്യാണ മണ്ഡപത്തിൽ ചേർന്ന യോഗത്തിൽ ഇരുവിഭാഗങ്ങളിലെയും ഉന്നത അധികാരികൾ പങ്കെടുത്തു. പൈപ്പ് പൊട്ടൽ മൂലം പാറശാലയിൽ അടിക്കടി ഉണ്ടാകുന്ന റോഡ് തകർച്ച, പാറശാലയിലെ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനായുള്ള പൈപ്പ് ലൈൻ സ്ഥാപിക്കൽ എന്നിവയുമായി ബന്ധപ്പെട്ടുള്ള പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കണ്ടെത്തുക, ദേശീയപാത ടാർ ചെയ്ത് കുഴികൾ അടച്ച് അപകടരഹിതമാക്കുക എന്നിവയായിരുന്നു സംയുക്ത യോഗത്തിന്റെ ഉദ്ദേശ ലക്‌ഷ്യം. തീരുമാനപ്രകാരം ഏതാനും ആഴ്ചകൾക്കുള്ളിൽ തന്നെ റോഡ് ടാർ ചെയ്യുന്നതിനും, കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനായി പൊൻവിള വരെയെത്തി നിൽക്കുന്ന കാളിപ്പാറ പദ്ധതിയുടെ പൈപ്പ് ലൈൻ പാറശാല വരെ നീട്ടി സ്ഥാപിക്കുന്നതിനും ഇരുവിഭാഗവും ധാരണയായിട്ടുണ്ട്. എന്നാൽ പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിലെ കാലതാമസം കാരണം പൈപ്പ് സ്ഥാപിക്കുന്നതിനായി വേണ്ടത്ര സ്ഥലം ഒഴിച്ചിട്ടശേഷം പിന്നീട് ടാർ ചെയ്യുന്നതിനുമാണ് തീരുമാനം.