
തിരുവനന്തപുരം: വാരണാസിയിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിന് ഉള്ളതായി കണ്ടെത്തിയ ഭൂമി തിരിച്ചുപിടിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി ദേവസ്വം പ്രസിഡന്റിന്റെ നേതൃത്വത്തിലുള്ള പ്രത്യേകസംഘം ഉടൻ വാരണാസിക്ക് തിരിക്കും. ഉത്സവ സീസൺ കഴിയുന്നതിന് പിന്നാലെയാകും യാത്ര. വാരണാസിയിലുള്ള 22 സെന്റ് സ്ഥലത്തിനും കെട്ടിടത്തിനുമാണ് നിലവിൽ അവകാശരേഖയുള്ളത്. 200 ഏക്കറിലധികം ഭൂമിയുണ്ടെന്ന് ദേവസ്വം ബോർഡ് പറയുന്നുണ്ടെങ്കിലും ഇതിന്റെ അവകാശരേഖകൾ സംബന്ധിച്ച് കൂടുതൽ വ്യക്തവരാനുണ്ട്. ദേവസ്വം ഭൂമിയെപ്പറ്റി നോഡൽ ഓഫീസറുടെ നേതൃത്വത്തിൽ അന്വേഷണം നടക്കുന്നുണ്ടെങ്കിലും ഇത് മതിയാവില്ലെന്നതിനാലാണ് പ്രത്യേകസംഘം പോകുന്നത്. രാജാഹരിശ്ചന്ദ്ര പൂന്തോട്ടത്തിനടുത്ത് 22 സെന്റിൽ 5000 ചതുരശ്രയടിയുള്ള രണ്ടു കെട്ടിടങ്ങളാണുള്ളത്.
അതേസമയം കെട്ടിടത്തിന്റെ ചുമതലക്കാരനായ മാനേജർക്കെതിരെ ക്രമക്കേട് നടത്തിയതിന് ദേവസ്വം വിജിലൻസ് അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. 1824ൽ കാശിയിലെ ഈശ്വരി പ്രസാദ് നാരയൺ സിങ് മഹാരാജാവ് തിരുവിതാംകൂർ രാജകുടുംബത്തിന് നൽകിയതാണ് ഈ ഭൂമി. 1950ൽ കാശിയിൽ നിന്ന് ലഭിച്ച കെട്ടിടങ്ങൾ ദേവസ്വം ബോർഡിന് തിരുവിതാംകൂർ രാജകുടുംബം കൈമാറി. 2013ൽ കേരളത്തിലെ രാജകുടുംബത്തിനുള്ള ഭൂമി സംബന്ധിച്ച് ഉത്തർപ്രദേശ് സർക്കാർ കേരള സർക്കാരിന് കത്തയച്ചു. ഇതേതുടർന്നാണ് നോഡൽ ഓഫീസറായി മുൻ സ്റ്റാറ്റിസ്റ്റിക്സ് വകുപ്പ് ഉദ്യോഗസ്ഥൻ ടി.എസ്. സുബ്രഹ്മണ്യനെ നിയോഗിച്ചത്. കാശി കൊട്ടാരത്തിൽ നടത്തിയ പരിശോധനയിലാണ് ഭഗവത്പുർ, ശിവപുരി, രാംനഗർ, ലങ്ക എന്നിവിടങ്ങളിലായി 200 ഏക്കറിലേറെ കൃഷിസ്ഥലം തിരുവിതാംകൂർ രാജാവിന്റെ പേരിൽ ഉള്ളതായി രേഖകൾ ലഭിച്ചത്.
` തിരു.ദേവസ്വം ബോർഡിന്റെ ഭൂമി തിരിച്ചുപിടിക്കലുമായി ബന്ധപ്പെട്ട് ദേവസ്വം ബോർഡിന്റെ പ്രത്യേക സംഘം വാരണാസിയിലെ ഉടൻ പോകും. കെട്ടിടങ്ങളുടെ നവീകരണപ്രവൃത്തികൾക്കുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്.
-കെ.അനന്തഗോപൻ
തിരു.ദേവസ്വം പ്രസിഡന്റ്