
കിളിമാനൂർ: കോൺഗ്രസ് അംഗങ്ങൾ പഞ്ചായത്ത് കമ്മിറ്റി ബഹിഷ്കരിച്ച് പഞ്ചായത്ത് പടിക്കൽ ധർണ നടത്തി.നഗരൂർ ഗ്രാമപഞ്ചായത്തിൽ കഴിഞ്ഞ ദിവസം നടന്ന പഞ്ചായത്ത് കമ്മിറ്റിയിൽ പൊരിയോട്ട് പാറ മല ലൈസൻസ് പുതുക്കി നൽകുന്നതിൽ പഞ്ചായത്ത് കമ്മിറ്റിക്കുള്ള അനുകൂല നിലപാടിൽ പ്രതിഷേധിച്ചും, അതിരൂക്ഷമായ കുടിവെള്ളക്ഷാമം നേരിടുന്ന ഈ സമയത്ത് കക്ഷി രാഷ്ട്രീയം നോക്കി കോൺഗ്രസിന്റെ മെമ്പർമാരുള്ള വാർഡുകളിൽ കുടിവെള്ള പ്രോജക്ടിന് തുക വകയിരുത്താത്തിലും, പഞ്ചായത്ത് കമ്മിറ്റി തീരുമാനങ്ങൾ നൽകാത്തതിലും പ്രതിഷേധിച്ചാണ് പഞ്ചായത്ത് കമ്മിറ്റി ബഹിഷ്കരിച്ചതെന്ന് കോൺഗ്രസ് അംഗങ്ങൾ അറിയിച്ചു. പഞ്ചായത്ത് മെമ്പർമാരായ ലാലി ജയകുമാർ, സുരേഷ് കുമാർ, ഉഷ,സിന്ധു രാജീവ്, അർച്ചന സഞ്ജു എന്നിവരാണ് വിയോജനക്കുറിപ്പ് നൽകി പഞ്ചായത്ത് കമ്മിറ്റി ബഹിഷ്കരിച്ച് പഞ്ചായത്ത് പടിക്കൽ ധർണ നടത്തിയത്.