chnju

നെയ്യാറ്റിൻകര : ശ്രീനാരായണഗുരുദേവ ദർശനത്തിൽ ഏറെ പ്രാധാന്യമുളള ശുചിത്വത്തിന് മഹാമാരിയുടെ ഇക്കാലത്ത് ഏറെ പ്രസക്തിയുണ്ടെന്ന് മന്ത്രി ജെ. ചിഞ്ചുറാണി പറഞ്ഞു. അരുവിപ്പുറം പ്രതിഷ്ഠാ വാർഷികത്തിന്റെയും മഹാശിവരാത്രി ആഘോഷങ്ങളുടെയും സമാപന ദിനമായ ഇന്നലെ ശുചിത്വബോധത്തിന്റെ ആവശ്യകത ഗുരുവിന്റെ കാഴ്ചപ്പാടിൽ എന്ന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.

വിദ്യാഭ്യാസത്തെപ്പോലെ ഏറെ പ്രധാനപ്പെട്ടതാണ് ശുചിത്വവും. വാക്കും മനസ്സും ശരീരവും ശുദ്ധിയാക്കുന്നത് പോലെ പരിസരവും ശുദ്ധിയാക്കാൻ വ്യക്തികൾ തയ്യാറാവണം. വിദ്യാഭ്യാസത്തിൽ നാം മുന്നിലാണെങ്കിലും ശുചിത്വകാര്യത്തിൽ ഏറെ പിന്നിലാണ്. പകർച്ചവ്യാധികൾ മനുഷ്യരാശിക്ക് മേൽ ഭീഷണിയായിരിക്കെ, ശുചിത്വത്തെക്കുറിച്ചുളള ഗുരുദേവന്റെ കാഴ്ചപ്പാട് മുറുകെപ്പിടിച്ച് നാം ശുചിത്വത്തിന്റെ കാര്യത്തിൽ സ്വയം പ്രചാരകരായി മുന്നിട്ടിറങ്ങണമെന്നും മന്ത്രി പറഞ്ഞു.

ശ്രീനാരായണധർമ്മസംഘം ട്രസ്റ്റ് ബോർഡ് അംഗം സ്വാമി ബോധിതീർത്ഥ അദ്ധ്യക്ഷനായിരുന്നു. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി മുഖ്യപ്രഭാഷണം നടത്തി. ചെമ്പഴന്തി ശ്രീനാരായണഗുരുകുലം സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ അനുഗ്രഹ പ്രഭാഷണം നടത്തി. അഡ്വ. വി.കെ. പ്രശാന്ത് എം.എൽ.എ, നഗരസഭാ ചെയർമാൻ പി.കെ. രാജ്മോഹൻ, ശ്രീനാരായണ അന്തർദേശീയ പഠനകേന്ദ്രം ഡയറക്ടർ ബി. സുഗീത, ഇന്റർനാഷണൽ സെന്റർ ഫോർ ശ്രീനാരായണ സ്റ്റഡീസ് ഡയറക്ടർ ഡോ.എം.എ സിദ്ദിഖ്, ശ്രീനേത്ര ഐ കെയർ ഡോ. ആഷാദ് ശിവരാമൻ എന്നിവർ പങ്കെടുത്തു. അരുവിപ്പുറം മഠം സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ സ്വാഗതവും അജി അരുവിപ്പുറം നന്ദിയും പറഞ്ഞു.