
കൊച്ചി: കേരളത്തിൽ മുഖ്യശത്രു കോൺഗ്രസാണെങ്കിലും സി.പി.എം സംസ്ഥാന സമ്മേളനത്തിന്റെ ഉദ്ഘാടന പ്രസംഗത്തിൽ കോൺഗ്രസിനെക്കുറിച്ച് മിണ്ടാതെ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. കോൺഗ്രസ് എന്ന വാക്ക് ഉച്ചരിക്കാതെ, ഫാസിസ്റ്റ് ആർ.എസ്.എസ് ഭരണകൂടത്തിനെതിരായ പോരാട്ടത്തിൽ ജനാധിപത്യശക്തികളെ ഒപ്പം ചേർക്കണമെന്ന് യെച്ചൂരി പറഞ്ഞു.
ബി.ജെ.പിയെ ഒറ്റപ്പെടുത്തി പരാജയപ്പെടുത്തുകയെന്നത് തിരഞ്ഞെടുപ്പിലൂടെ മാത്രം സാദ്ധ്യമാകുമെന്ന് സി.പി.എം കരുതുന്നില്ല. അതിന് രാഷ്ട്രീയവും സാംസ്കാരികവും പ്രത്യയശാസ്ത്രപരവുമായ മേഖലകളിൽ പ്രവർത്തനം അനിവാര്യമാണ്. ഇതിനായി സി.പി.എം ശക്തിപ്പെടണം. ഹിന്ദുത്വ അജണ്ടയുടെ ആണിക്കല്ലുകളായ അന്ധവിശ്വാസത്തെയും അയുക്തികതയെയും മനുസ്മൃതിവാദത്തെയും പ്രത്യയശാസ്ത്രപരമായി നേരിടണം. ഇതിനായി രാഷ്ട്രീയമായി ഇടപെടലിനുള്ള ശേഷിയും സ്വതന്ത്രമായ ശക്തിയും സി.പി.എം കൈവരിക്കണം. അതിലായിരിക്കണം ശ്രദ്ധ.
ജനകീയപ്രക്ഷോഭങ്ങളിലൂടെ ഇടതുശക്തികളുടെ ഐക്യം ശക്തിപ്പെടുത്തണം. ജനാധിപത്യശക്തികളെ ഒപ്പം ചേർക്കാനാവണം. അവരുമായി കൂട്ടുചേർന്ന് ബദൽ നയങ്ങൾ മുന്നോട്ടുവയ്ക്കാനാവണം. ഇടതുപക്ഷ ശക്തികളുടെ മുന്നേറ്റം നടക്കുന്ന സമയത്ത് തിരഞ്ഞെടുപ്പുവരും. അതിൽ ബി.ജെ.പിയെ പരാജയപ്പെടുത്തുകയാണ് പ്രധാന ഉത്തരവാദിത്വം. ബി.ജെ.പി വിരുദ്ധവോട്ടുകൾ പരമാവധി സമാഹരിക്കാനാവശ്യമായ നിലപാട് പാർട്ടി സ്വീകരിക്കുമെന്നും യെച്ചൂരി പറഞ്ഞു.
ബി.ജെ.പിയെ പരാജയപ്പെടുത്താൻ കോൺഗ്രസുമായി രാഷ്ട്രീയബാന്ധവം വേണ്ടെന്ന് പാർട്ടി കോൺഗ്രസിൽ അവതരിപ്പിക്കേണ്ട കരട് രാഷ്ട്രീയപ്രമേയത്തിൽ സി.പി.എം കേന്ദ്രകമ്മിറ്റി പ്രഖ്യാപിച്ച പശ്ചാത്തലത്തിൽ കേരളത്തിലെ സമ്മേളനത്തിൽ യെച്ചൂരി കോൺഗ്രസിനെ പരാമർശിക്കാതിരുന്നത് ശ്രദ്ധേയമായി. ഇടതുസർക്കാരിനെതിരെ കോൺഗ്രസ് പ്രക്ഷോഭങ്ങൾ നടത്തുമ്പോൾ കോൺഗ്രസിന്റേത് മൃദുഹിന്ദുത്വവും ബി.ജെ.പിയുമായുള്ള ഒത്തുകളിയുമാണെന്ന് ആരോപിച്ച് ബദൽ പ്രതിരോധമുയർത്തുകയാണ് സി.പി.എം കേരള നേതൃത്വം. ബി.ജെ.പിയെ പ്രതിരോധിക്കാൻ അഖിലേന്ത്യാതലത്തിൽ കോൺഗ്രസിനാകില്ലെന്ന് നിരന്തരം സംസ്ഥാന നേതൃത്വം ആവർത്തിക്കുന്നതുമാണ്. അതേക്കുറിച്ചെല്ലാം യെച്ചൂരിയുടെ പ്രസംഗം മൗനം പാലിച്ചുവെന്നതാണ് ശ്രദ്ധേയം.
പാർലമെന്റിലും പുറത്തും ബി.ജെ.പിയെ എതിർക്കാൻ കോൺഗ്രസുൾപ്പെടെ മതേതര ജനാധിപത്യ ശക്തികളുമായി ചേർന്ന് പ്രവർത്തിക്കാമെന്നാണ് സി.പി.എം നിലപാട്. എന്നാൽ കോൺഗ്രസുമായി തിരഞ്ഞെടുപ്പ് സഖ്യം വേണ്ട. കേന്ദ്രകമ്മിറ്റിയിൽ കരടു രേഖ ചർച്ചയ്ക്കെത്തിയപ്പോൾ മേൽക്കൈ നേടിയത് കേരള ഘടകത്തിന്റെ വാദങ്ങളായിരുന്നു. കരടു രേഖയിൽ നിന്ന് വ്യതിചലിക്കാതെയാണ് യെച്ചൂരി നിലപാട് വിശദീകരിച്ചതെങ്കിലും കോൺഗ്രസിനെ അദ്ദേഹം പരാമർശിക്കാതിരുന്നതാണ് രാഷ്ട്രീയകൗതുകമായത്.
ആർ.എസ്.എസ് ലക്ഷ്യം അപകടകരമായ ദിശയിൽ: യെച്ചൂരി
കൊച്ചി: ഹിന്ദുത്വരാഷ്ട്രം സ്ഥാപിക്കുക എന്ന ഫാസിസ്റ്റ് മനോഭാവമുള്ള ആർ.എസ്.എസിന്റെ ലക്ഷ്യം അപകടകരമായ ദിശയിലേക്ക് കാര്യങ്ങൾ നീക്കുകയാണെന്ന് സി.പി.എം സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യവേ ജനറൽസെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. തിരഞ്ഞെടുപ്പുകൾ വിജയിക്കാൻ വർഗീയധ്രുവീകരണമാണ് ഏക വഴിയെന്ന നിലയിലേക്ക് കാര്യങ്ങളെത്തി. ജനങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിന് പകരം വർഗീയധ്രുവീകരണം ശക്തിപ്പെടുത്തി ആർ.എസ്.എസ് അജണ്ട നടപ്പാക്കാനാണ് ശ്രമം. കർണാടകത്തിലെ ഹിജാബ് വിവാദം വർഗീയധ്രുവീകരണം ശക്തിപ്പെടുത്താനായാണ് ഉപയോഗിക്കുന്നത്. 2019ൽ അധികാരത്തിലെത്തിയശേഷം ഇന്ത്യൻ ഭരണഘടനയുടെ പാർലമെന്ററി അടിത്തറയ്ക്കു നേരേ കൃത്യമായി കണക്കുകൂട്ടിയുള്ള ആക്രമണമാണ് കേന്ദ്ര ബി.ജെ.പി സർക്കാർ നടത്തുന്നത്. നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് ചാനലുകൾക്ക് നൽകിയ അഭിമുഖത്തിൽ പ്രധാനമന്ത്രി പറഞ്ഞത് ഇടതുപക്ഷം കേരളമെന്ന മൂലയിൽ മാത്രമുള്ളതാണെന്നും അത് അപകടകരമായ പ്രത്യയശാസ്ത്രമാണെന്നും രാജ്യതാല്പര്യത്തിന് വിരുദ്ധമായതിനാൽ എതിർക്കപ്പെടേണ്ടതാണെന്നുമാണ്. ബി.ജെ.പി സർക്കാരിന് ബദൽ ഇടതുപക്ഷം മുന്നോട്ടു വയ്ക്കുമ്പോൾ അതിന്റെ വേദിയായി കേരളം മാറുന്നതിനാലാണ് ഇടതുപക്ഷത്തെ എതിർക്കണമെന്ന് മോദി പറയുന്നതെന്നും യെച്ചൂരി പറഞ്ഞു.