
പാറശാല: തിരുവിതാംകൂറിന്റെ ജലപാതയായിരുന്ന എ.വി.എം കനാലിനെ (അനന്ത വിക്ടോറിയ മാർത്താണ്ഡം കനാൽ) മാലിന്യ മുക്തമാക്കി നവീകരിച്ച് സംരക്ഷിക്കുന്നതോടൊപ്പം ജില്ലയിലെ പ്രധാന വിനോദ സഞ്ചാര ജലപാതയാക്കാനും പദ്ധതി തയ്യാറാക്കുന്നു. 1860ൽ ബ്രിട്ടീഷുകാരുടെ സഹകരണത്തോടെ തിരുവിതാംകൂർ മഹാരാജാവ് നിർമ്മിച്ചതാണ് എ.വി.എം കനാൽ. പാറശാല ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന ' ദി ലാസ്റ്റ് വില്ലേജ് ഒഫ് കേരള ' എന്ന വിനോദ സഞ്ചാര പദ്ധതിയുടെ ഭാഗമായിട്ടാണ് പഴമക്കാരുടെ പ്രധാന സഞ്ചാര വീഥികളിലൊന്നായിരുന്ന കനാലിനെ വിനോദ ജല സഞ്ചാര പാതയായി മാറ്റുന്നതോടെ പുതു ജീവന്റെ തുടിപ്പിന് കാരണമാകുന്നത്. പരിസര മലിനീകരം തടയുന്നതിന് കനാലിലേക്കുള്ള മാലിന്യ നിക്ഷേപം ഇല്ലാതാക്കുക, നീരുറവകൾ സംരക്ഷിക്കുന്നതിനായി കനാൽ സംരക്ഷണം, ടൂറിസം വികസനം എന്നിവ ഉറപ്പ് വരുത്തുന്നതിനായി നാല് കോടിയോളം രൂപ ചെലവ് വരുന്ന പദ്ധതിയാണ് ബ്ലോക്ക് പഞ്ചായത്ത് നടപ്പിലാക്കാൻ ലക്ഷ്യമിടുന്നത്. ടൂറിസം പ്രമോഷൻ കമ്മിറ്റി രൂപീകരിച്ച് പദ്ധതി നടപ്പിലാക്കുന്നതിനാണ് തീരുമാനം.
ഒഴുക്ക് നിലച്ച് ദേശീയ ജലപാത
തിരുവിതാംകൂർ മഹാരാജാവായിരുന്ന ഉത്രം തിരുനാൾ മാർത്താണ്ഡവർമ്മ തിരുവനന്തപുരത്തെയും കന്യാകുമാരിയെയും ബന്ധിപ്പിച്ച് നിർമ്മിച്ച ജലപാതയായ എ.വി.എം കനാലിനെ 2016 ൽ ദേശീയ ജലപാത -13 ആയി അംഗീകരിച്ചു. തീരമേഖലയായ പൊഴിയൂരിലെ പ്രധാന ജലസ്രോതസ് ആയിരുന്നുവെങ്കിലും പിന്നീട് മണലും മാലിന്യങ്ങളും നിറഞ്ഞതോടെ കനാലിന്റെ ഒഴുക്ക് നിലച്ചു. സംസ്ഥാന അതിർത്തിയിൽ ഉൾപ്പെടുന്ന പൊഴിയൂർ മുതൽ കൊല്ലങ്കോട് വരെയുള്ള രണ്ട് കിലോമീറ്റർ ഭാഗത്താണ് ' ഗോൾഡൻ കനാൽ പദ്ധതി ' നടപ്പാക്കുന്നത്.
ശുചിത്വ കേരളം ഹരിതകേരളം മിഷനുകളുടെ സഹായത്തോടെ കനാലിലെ ആഫ്രിക്കൻ പായലും മാലിന്യവും വാരിമാറ്റും. മാലിന്യ നിക്ഷേപം എവിടെ നിന്നൊക്കെയാണെന്ന് കണ്ടുപിടിക്കുന്നതിനായി 'പുഴ നടത്തം ' സംഘടിപ്പിക്കും. കനാലിലേക്ക് മാലിന്യങ്ങൾ പുറംതള്ളുന്ന പടവുകൾ അടയ്ക്കും. പൊതുജനങ്ങളെ പങ്കാളികളാക്കി ഉത്തരവാദിത്വ വിനോദ സഞ്ചാരം നടപ്പിലാക്കും.
കനലിലൂടെ ബോട്ട് സർവീസ് ഉറപ്പാക്കുന്നതിനായി 24 പേർക്ക് സഞ്ചരിക്കാവുന്ന 10 സോളാർ യാത്രാ ബോട്ടുകൾ, നാല് സീറ്റുള്ള 10 പെഡൽ ബോട്ടുകൾ, ഒന്ന് രണ്ട് സീറ്റുകൾ വീതമുള്ള കയാക്കിംഗ് ബോട്ടുകൾ എന്നിവ നടപ്പാക്കും