തിരുവനന്തപുരം: ശിവഭക്തിയിൽ പൂർണമായി അലിഞ്ഞ് ഭക്തർ ഇന്നലെ ശിവരാത്രി ആഘോഷിച്ചു. ധാരയും യാമപൂജയും എഴുന്നെള്ളത്തുമായി ഇന്ന് പുലർച്ചെ വരെ ക്ഷേത്രങ്ങളിൽ ആഘോഷം നീണ്ടു. പൂജകളിൽ പങ്കെടുക്കാൻ എല്ലാ ശിവ ക്ഷേത്രങ്ങളിലും ഭക്തജനത്തിരക്ക് അനുഭവപ്പെട്ടു.

വ്രതം നോറ്റ ഭക്തർ ക്ഷേത്രങ്ങളിൽ ഒരു രാത്രി മുഴുവൻ ഉറക്കമിളച്ച് ശിവഭജനം നടത്തി. ക്ഷേത്രങ്ങളിൽ മൃത്യുഞ്ജയഹോമം, കൂവളത്തില സമർപ്പണം, പുഷ്‌പാഞ്ജലി തുടങ്ങി പ്രത്യേക പൂജകളുമുണ്ടായിരുന്നു. ശ്രീനാരായണഗുരു പ്രതിഷ്ഠ നടത്തിയ അരുവിപ്പുറം ശിവക്ഷേത്രത്തിൽ ശിവരാത്രി ഉത്സവം ആറാട്ടോടുകൂടി സമാപിച്ചു. നെടുമങ്ങാട് കോയിക്കൽ മഹാദേവക്ഷേത്രം, ശുചീന്ദ്രം സ്ഥാണുമാലയക്ഷേത്രം, തിരുവനന്തപുരം ശ്രീകണ്ഠേശ്വരം, കഴക്കൂട്ടം, ഗൗരീശപട്ടം, തിരുമല കുശക്കോട്, പേരൂർക്കട മണികണ്‌ഠേശ്വരം, തളിയൽ, കമലേശ്വരം, കുളത്തൂർ കോലത്തുകര, കാന്തള്ളൂർശാല, കഠിനംകുളം, പാറശാല, ആറയൂർ, പൊഴിയൂർ, ചെഴുങ്ങാനൂർ, ചെങ്കൽ ശിവശക്തിക്ഷേത്രം, നെയ്യാറ്റിൻകര രാമേശ്വരം, ഒറ്റശേഖരമംഗലം, ബാലരാമപുരം ഋഷീശ്വര ഭരദ്വാജക്ഷേത്രം, നെടുമങ്ങാട് കോട്ടപ്പുറത്തുകാവ്, അരുവിക്കര തിരുനെല്ലൂർശാല സുബ്രഹ്മണ്യക്ഷേത്രം, വെഞ്ഞാറമ്മൂട് മാണിക്കോട് ശിവക്ഷേത്രം, ആറ്റിങ്ങൽ ആവണീശ്വരം, നഗരൂർ തേക്കിൻകാട്, അവനവഞ്ചേരി ഇണ്ടളയപ്പൻ കോവിൽ, തോന്നയ്ക്കൽ കുടവൂർ മഹാദേവക്ഷേത്രം, കിളിമാനൂർ മഹാദേവേശ്വരം, ദേവേശ്വരം ക്ഷേത്രങ്ങൾ തുടങ്ങി പ്രധാന ശിവക്ഷേത്രങ്ങളിലെല്ലാം ശിവരാത്രി നാളിൽ നിരവധി ഭക്തർ ദർശനപുണ്യത്തിനായി പ്രാർത്ഥിച്ചു.

കന്യാകുമാരി ജില്ലയിലെ 12 ശിവക്ഷേത്രങ്ങളിൽ നടന്ന ശിവാലയഓട്ടത്തിൽ നിരവധി ഭക്തർ പങ്കെടുത്തു. തിങ്കളാഴ്ച വൈകിട്ട് മുഞ്ചിറ തിരുമല ക്ഷേത്രത്തിൽ നിന്ന് ആരംഭിച്ച ഓട്ടം ഒരുനാൾ കഴിഞ്ഞ് നട്ടാലത്താണ് സമാപിച്ചത്. തിരുവനന്തപുരം, തിരുനെൽവേലി എന്നിവിടങ്ങളിൽ നിന്നുള്ള ഭക്തരും ശിവാലയ ഓട്ടത്തിൽ പങ്കെടുത്തു.