ആറ്റിങ്ങൽ: കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി ആലംകോട് - മീരാൻകടവ് റോഡ് പുനരുദ്ധാരണ പ്രവൃത്തികൾ നടക്കുന്നതിനാൽ ആലംകോട് മുതൽ തൊട്ടിക്കല്ല് ജംഗ്ഷൻ വരെയുള്ള ഗതാഗതം താത്കാലികമായി നിറുത്തി വയ്ക്കുമെന്ന് ഒ.എസ്. അംബിക എം.എൽ.എ വാർത്താക്കുറിപ്പിൽ പറഞ്ഞു. 3 മുതലാണ് നിയന്ത്രണം. ആറ്റിങ്ങലിൽ നിന്ന് മണനാക്കിലേക്കും തിരിച്ചും പോകേണ്ട വലിയ വാഹനങ്ങൾ കൊല്ലമ്പുഴ വഴിയോ മണമ്പൂർ എൻ.എച്ച് ആഴാംകോണം വഴിയോ പോകണം. ചെറിയ വാഹനങ്ങൾക്ക് ചാത്തൻപറ - പറങ്കിമാംവിള മണമ്പൂര് റോഡ് വഴിയും സഞ്ചരിക്കാം. ആംബുലൻസ്, ഫയർഫോഴ്സ് എന്നീ എമർജൻസി വാഹനങ്ങൾക്ക് മാത്രം ആലംകോട് - മണനാക്ക് റോഡിൽ ഗതാഗതം അനുവദിക്കും. ഗതാഗത ക്രമീകരണങ്ങളോട് എല്ലാവരും സഹകരിക്കണമെന്ന് എം.എൽ.എ അഭ്യർത്ഥിച്ചു.