
വർക്കല: വർക്കല കരുനിലക്കോട് ഉത്സവസ്ഥലത്ത് നടന്ന സംഘർഷത്തെത്തുടർന്ന് കാർ കത്തിച്ച സംഭവത്തിൽ രണ്ട് പേരെ വർക്കല പൊലീസ് അറസ്റ്റ് ചെയ്തു. കരുനിലക്കോട് ചരുവിള വീട്ടിൽ വിമൽ (27), കരുനിലക്കോട് വലിയവീട്ടിൽ പ്രദീപ് (33) എന്നിവരാണ് അറസ്റ്റിലായത്. ഇക്കഴിഞ്ഞ 27ന് രാത്രി കരുന്നിലക്കോട് കുന്നുംപുറം ദേവീക്ഷേത്ര ഉത്സവത്തോടനുബന്ധിച്ച് നടന്ന ഗാനമേള കാണാനെത്തിയ ഞെക്കാട് മുട്ടപ്പലം ജി.വി.എസ് ലാൻഡിൽ സിനുവും (42) ബൈക്കിലെത്തിയ കരുനിലക്കോട് സ്വദേശികളായ യുവാക്കളുമായി വാക്കുതർക്കവും സംഘർഷവുമുണ്ടായി. തുടർന്ന് ഗാനമേള നിറുത്തിവയ്ച്ചു. ഇവിടെ നിന്ന് കാറിൽ മടങ്ങിയ സിനുവിനെയും സുഹൃത്തുക്കളെയും പിന്നാലെയെത്തിയ സംഘം മർദ്ദിച്ച് പരിക്കേൽപ്പിച്ചു. തുടർന്ന് സിനുവും സുഹൃത്തുക്കളും സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു.
ദേഷ്യം തീരാത്ത അക്രമി സംഘം സിനുവും സുഹൃത്തുക്കളും സഞ്ചരിച്ചിരുന്ന ടാറ്റാ ഇൻഡിഗോ കാറിന്റെ വിൻഡോ ഗ്ലാസുകൾ അടിച്ചുപൊട്ടിക്കുകയും പെട്രോൾ ഒഴിച്ച് കത്തിക്കുകയും ചെയ്യുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പ്രദേശത്തെ സിസി ടിവി ദൃശ്യങ്ങളുടെ സഹായത്താലാണ് പ്രതികളെ തിരിച്ചറിഞ്ഞത്. വർക്കല ഡി.വൈ.എസ്.പി പി. നിയാസിന്റെ നേതൃത്വത്തിൽ സി.ഐ പ്രശാന്ത്, എസ്.ഐമാരായ അജിത് കുമാർ,അനിൽ കുമാർ എന്നിവരാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.